അകലക്കുന്നത്തെ ഇരുപതു കേന്ദ്രങ്ങൾ ഉയരവിളക്കിനാൽ പ്രകാശിക്കും
1531126
Sunday, March 9, 2025 2:30 AM IST
അകലക്കുന്നം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് അകലക്കുന്നം പഞ്ചായത്തിന്റെ ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷൻ പരിധിയിലുള്ള ഏഴ് വാര്‍ഡുകളിലായി 20 ജംഗ്ഷനുകളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.
പഞ്ചായത്ത് മുഖേനയാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കെല് ആണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. മൂന്നുവര്‍ഷത്തെ ഗാരണ്ടിയോടുകൂടിയ 150 വാട്ടിന്റെ മൂന്ന് എല്‍ഇഡി ലൈറ്റുകള്‍ ആറുമീറ്റര്‍ ഉയരമുള്ള പോസ്റ്റുകളിലാണ് സ്ഥാപിക്കുന്നത്.
പദ്ധതി നിര്‍മാണോദ്ഘാടനം പാദുവായില്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പാദുവ പള്ളി വികാരി ഫാ. തോമസ് ഓലായത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബര്‍മാരായ മാത്തുക്കുട്ടി കൈമരപ്ലാക്കല്‍, സീമ പ്രകാശ്, ജോബി തൈമരപ്ലാക്കല്, ബെന്നി കോട്ടേപ്പള്ളി, ജോര്‍ജ് മടുക്കക്കുഴിയില്‍, അഡ്വ. പ്രദീപ് കുമാര്‍, തങ്കച്ചന് കരിപ്പില്‍, അനി കരിപ്പാമറ്റം, മിനി മധുസൂദനന്, ഉഷ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.