അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലെ ആദ്യവെള്ളി ദിനത്തിൽ തീർഥാടക പ്രവാഹം
1531112
Saturday, March 8, 2025 4:46 PM IST
അരുവിത്തുറ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലേ ആദ്യവെള്ളി ദിനത്തിലെ കുരിശിന്റെ വഴി തീർഥാടനത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മല അടിവാരത്ത് മേലുകാവുമാറ്റം സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോർജ് കാരാംവേലിൽ സന്ദേശം നൽകി.
അനുദിന ജീവിതത്തിലെ പ്രതിസന്ധികളും ദുരിതങ്ങളും ദൈവത്തേ പ്രതി ഏറ്റെടുക്കുവാനുള്ള വിളിയാണ് കുരിശിന്റെ വഴികൾ. ശിക്ഷയുടെ അടയാളമായിരുന്ന കുരിശിനെ തന്റെ പീഡാസഹനങ്ങളിലൂടെ യേശു രക്ഷയുടെ അടയാളമാക്കി തീർത്തെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ ഫൊറോന പള്ളി വികാരി വെരി. റവ.ഫാ. തോമസ് വെട്ടുകല്ലേൽ, കോളജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ. ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ,
എസ്എംവൈഎം പാലാ രൂപത ഡയറക്ടർ റവ. ഫാ. മാണി കോഴുപ്പൻകുറ്റി, മേലുകാവുമറ്റം പള്ളി സഹ വികാരി ഫാ. സ്റ്റെനി കണ്ടാപറമ്പത്ത്, ഡീക്കൻ ജോൺ കോടക്കനാൽ സിഎംഎഫ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
നോമ്പിലെ ആദ്യ വെള്ളിയാഴ്ച ദിനത്തിൽ പുലർച്ചെ മുതൽ വല്യച്ചൻ മലയിൽ വലിയ തീർഥാടക തിരക്ക് അനുഭവപ്പെട്ടു.
വലിയ നോമ്പിലെ എല്ലാദിവസവും വൈകുന്നേരം അഞ്ചിന് അരുവിത്തുറ പള്ളിയിൽ നിന്നും ജപമാല പ്രദക്ഷിണം, തുടർന്ന് മല അടിവാരത്ത് സന്ദേശം, മലമുകളിലേക്ക് കുരിശിന്റെ വഴി, മലമുകളിൽ 06.15 ന് വിശുദ്ധ കുർബാന എന്നിവ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.