ഗാന്ധിജിയുടെ വൈക്കം സന്ദർശനത്തിന്റെ നൂറാം വാർഷികം ഇന്ന്
1531153
Sunday, March 9, 2025 2:41 AM IST
വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന് ഊർജം പകരാൻ മഹാത്മാ ഗാന്ധി വൈക്കത്തെത്തിയതിന്റെ നൂറാം വാർഷികദിനം ഇന്ന് ആഘോഷിക്കുമ്പോൾ വൈക്കം സത്യഗ്രഹസമര ചരിത്രത്തിന്റെ ഭാഗമായ ഇണ്ടംതുരുത്തി മനയിലും വൈക്കം ബോട്ടുജെട്ടിയിലും സ്മരണകൾ ഇരമ്പുന്നു.
മഹാത്മാ ഗാന്ധി, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തിമനയിലെത്തി കാരണവരായിരുന്ന നീലകണ്ഠൻ നമ്പൂതിരിയുമായി ചർച്ച നടത്തിയതോടെയാണ് ഇണ്ടംതുരുത്തി മന സത്യഗ്രഹ സമരചരിത്രത്തിൽ പ്രോജ്വലിക്കുന്ന ഏടായി മാറിയത്.
അധഃസ്ഥിതർക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു സത്യഗ്രഹസമരം. 1925 മാര്‍ച്ച് ഒന്‍പതിനാണ് വൈക്കം ജെട്ടിയില്‍ മഹാത്മാഗാന്ധി ബോട്ട് ഇറങ്ങുന്നത്.
ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹത്തെ എതിര്‍ത്തിരുന്നത്. അക്കാലത്ത് വൈക്കം ക്ഷേത്രത്തിന്റെ ഊരാഴ്മ ഈ മനയ്ക്കായിരുന്നതിനാല് നമ്പൂതിരി കൽപ്പിക്കുന്നതെന്തും വേദവാക്യമായിരുന്നു. സവർണരുടെ നെടുനായകത്വം നീലകണ്ഠന് നമ്പൂതിരിക്കാണെന്ന് മനസിലാക്കിയ ഗാന്ധിജി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കാണണമെന്നു തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച് 10ന് ഗാന്ധിജി പരിവാരസമേതം മനയില്‍ എത്തി.
സി. രാജഗോപാലാചാരി, മഹാദേവദേശായി, രാമദാസ് ഗാന്ധി, ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍, ദിവാന് പേഷ്കാര്‍ എം.വി. സുബ്രഹ്മണ്യഅയ്യര്‍, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ പി. വിശ്വനാഥ അയ്യര്‍, തഹസില്‍ദാര്‍ സുബ്രഹ്മണ്യഅയ്യര്‍ എന്നിവര്‍ ഗാന്ധിജിയെ അനുഗമിച്ചു.
ഗാന്ധിജി മടങ്ങിയ ഉടനെ അവിടെ ശുദ്ധികലശം നടത്താന്‍ ഇണ്ടംതുരുത്തിയിലെ കാരണവര്‍ മറന്നില്ല. 1925 നവംബര്‍ 23ന് സത്യഗ്രഹം പിന്‍വലിച്ചു. സമരം വിജയം കണ്ടു. പിന്നീട് ഭൂപരിഷ്കരണം മൂലം സമ്പത്ത് നഷ്ടപ്പെടലും ഉള്പ്പോരുകളുമൊക്കെ മനയെ പിടിച്ചുലച്ചു. മന വില്‍ക്കേണ്ട സാഹചര്യം വന്നു. വൈക്കത്തെ കമ്യൂണിസ്റ്റ് നേതാവായ സി.കെ. വിശ്വനാഥന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനു വേണ്ടി മന വില പറഞ്ഞുറപ്പിച്ചു.
അങ്ങനെ ഗാന്ധിജിക്കുപോലും പ്രവേശനം നിഷേധിച്ച മന കാലപ്രയാണത്തില്‍ എഐടിയുസി ചെത്തുതൊഴിലാളി യൂണിയന് ഓഫീസായി മാറി. വളരെ ദൂരെനിന്ന് നോക്കിക്കാണാന്‍ മാത്രം അവകാശമുണ്ടായിരുന്ന പിന്നോക്ക വിഭാഗത്തില്‍പെട്ട തൊഴിലാളികളുടെ യൂണിയന് ഓഫീസായി മന മാറി എന്നത് ചരിത്രത്തിന്റെ കാവ്യനീതിയാകാം.