കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ എസ്എസ്എൽസിക്ക് അര ഡസൻ ഇരട്ടകൾ
1531148
Sunday, March 9, 2025 2:41 AM IST
കുറവിലങ്ങാട്: പാഠ്യമികവിലും പാഠ്യേതര നേട്ടങ്ങളിലും മാത്രമല്ല ഈ സ്കൂളിന്റെ തിളക്കം. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളെന്ന നാട്ടിലെ പെൺപള്ളിക്കൂടം ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇരട്ടക്കൂട്ടങ്ങളിലാണ്. ഒന്നും രണ്ടുമല്ല ആറ് ജോഡി ഇരട്ടക്കുട്ടികളാണ് സെന്റ് മേരീസ് ഗേൾസ് സ്കൂളിൽ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. അതായത് 12 പേർ. രൂപത്തിലും ഭാവത്തിലും ഒരേപോലിരിക്കുന്ന ഇരട്ടക്കൂട്ടത്തെ കാണാനുള്ള ചന്തത്തിനപ്പുറം പഠനമികവിലും ഇവർ മുൻപന്തിയിൽത്തന്നെയാണ്.
കഴിഞ്ഞ വർഷങ്ങളിലും ഇരട്ടകളുണ്ടായിരുന്നുവെങ്കിലും ഒരു ഡസൻ വിദ്യാർഥികൾ ഇരട്ടകളായി എത്തുന്നത് നാളുകൾക്ക് ശേഷമാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ നോയൽ പറഞ്ഞു.
നിയ മരിയ ബിജു, നിസ മരിയ ബിജു, സ്റ്റെഫി ബിജു, സ്റ്റീവ് ബിജു, ഹന്ന സിസിൽ, ഹെലൻ സിസിൽ, അജീഷ സി. ജയൻ, അജീന സി. ജയൻ, അബിന മെറിൻ ബിനോയി, അബീഷ മെറിൻ ബിനോയി, അഭിയ പ്രവീൺ, അക്സാ പ്രവീൺ എന്നിവരാണീ ഇരട്ടകൾ.
കുറവിലങ്ങാട് ഇടവകയുടെ മാനേജ്മെന്റിലുള്ള സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തികവ് പിന്നിട്ടതിന് പിന്നാലെയാണ് ഇരട്ടമഹാത്മ്യത്തിൽ ശ്രദ്ധനേടുന്നത്.