400 ലിറ്റർ കോട നശിപ്പിച്ചു
1531138
Sunday, March 9, 2025 2:30 AM IST
കണമല: വാറ്റ് ചാരായം നിർമിച്ചു കൊണ്ടിരുന്ന രഹസ്യകേന്ദ്രം കണ്ടെത്തി കോടയും ചാരായവും ഉൾപ്പെടെ പിടികൂടി എക്സൈസ് സംഘം നശിപ്പിച്ചു. പമ്പാവാലി വട്ടപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്.
രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പ്രദേശത്ത് അന്വേഷണം നടത്തി വാറ്റുകേന്ദ്രം കണ്ടെത്തി റെയ്ഡ് നടത്തുകയായിരുന്നു. 400 ലിറ്റർ കോട, 80 ലിറ്റർ വാറ്റുചാരായം, കോട സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന 200 ലിറ്ററിന്റെ ഒമ്പത് ബാരലുകൾ, ചാരായം കടത്താൻ ഉപയോഗിക്കുന്ന കന്നാസുകൾ എന്നിവ കണ്ടെടുത്തു നശിപ്പിച്ചു.
പ്രതികൾക്കായി അന്വേഷണം ആരംഭിച്ചെന്ന് റെയ്ഡിന് നേതൃത്വം നൽകിയ റാന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ബൈജു അറിയിച്ചു. അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, വി.കെ. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ ബിനുരാജ്, അനീഷ് കുമാർ, സിവിൽ ഓഫീസർമാരായ പ്രകാശ്, ഷികിൽ, ജിജി ബാബു, ഡ്രൈവർ സുരേഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.