പാമ്പുകടിയേറ്റ എട്ടു വയസുകാരനുമായി വന്ന ആംബുലൻസ് ഡ്രൈവർ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി
1531321
Sunday, March 9, 2025 6:23 AM IST
ഗാന്ധിനഗർ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ എട്ടുവയസുകാരനുമായി മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് വന്ന 108 ആംബുലൻസിന്റെ ഡ്രൈവർ വാഹനം നടുറോഡിൽ ഇട്ട് ഇറങ്ങിപ്പോയി. കഴിഞ്ഞദിവസം രാത്രി മോനിപ്പളളിയിലാണ് സംഭവം.
മുളക്കുളം ഗവൺമെന്റ് യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അഥർവ് സ്കൂളിലെ വാർഷികാഘോഷം കഴിഞ്ഞ് വൈകിട്ട് 5.30 ഓടെ അമ്മയുമൊത്ത് സ്കൂട്ടറിൽ അമ്മ വീടായ വെള്ളൂരിലേക്ക് പോയി. അവിടെ എത്തിയ കുട്ടി വീട്ടുമുറ്റത്തുള്ള മാവിൻചുവട്ടിൽ കളിച്ചു കൊണ്ടിരിക്കെ കാലിൽ എന്തോ കടിച്ചതായി അമ്മയോടു പറഞ്ഞു.
കലശലായ വേദനയും നീരും ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ ഉടൻ തന്നെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചു ഡോക്ടർ കുട്ടിയെ പരിശോധിക്കുകയും കുത്തിവയ്പിനു നിർദേശിക്കുകയും ചെയ്തു. കുത്തിവയ്പ് എടുത്തു കഴിഞ്ഞപ്പോൾ കുട്ടിക്ക് ബോധക്ഷയം ഉണ്ടായി.
ഉടൻ തന്നെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാനും വിദഗ്ധ ചികിത്സ തേടാനും ആവശ്യപ്പെട്ടു. തുടർന്ന് അപ്പോൾ അവിടെയുണ്ടായിരുന്ന 108 ആംബുലൻസ് വിളിച്ച് കുട്ടിയുമായി മെഡിക്കൽ കോളജിലേക്കു പുറപ്പെട്ടു.
കുട്ടിയോടൊപ്പം അമ്മ രമ്യയും അച്ഛൻ അജിയും ഉണ്ടായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി അവിടെനിന്നു പുറപ്പെട്ട് മോനിപ്പള്ളിയിൽ എത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ വാഹനം അവിടെ നിർത്തി.
വാഹനം ഇവിടെ നിർത്താൻ എന്താണെന്നു കാരണമെന്ന് ആരാഞ്ഞപ്പോൾ തന്റെ ജോലി സമയം കഴിഞ്ഞുവെന്ന മറുപടിയാണ് ഡ്രൈവർ നൽകിയതെന്ന് രോഗിയുടെ മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് ഈ ഡ്രൈവർ മറ്റൊരു ആംബുലൻസ് വിളിച്ചു വരുത്തിയാണ് ബോധരഹിതനായി അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ അവിടെനിന്ന് ആശുപത്രിയിലെത്തിച്ചത്.
കുട്ടിയെ ഐസിഎച്ച് സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിക്കുകയും ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു.
ഇന്നലെ രാവിലെ കുട്ടിയെ വെന്റിലേറ്ററിൽ നിന്നു മാറ്റി. രോഗലക്ഷണങ്ങളിൽനിന്ന് മൂർഖൻ കടിച്ചതാണെന്നും കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് ഡോ. ജയപ്രകാശ് പറഞ്ഞു.
വിലപ്പെട്ട മനുഷ്യജീവൻ രക്ഷിക്കാൻ ബാധ്യതപ്പെട്ടവരാണ് ആംബുലൻസ് ഡ്രൈവർമാരെന്ന കടമ മറന്ന് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയുമായി വന്ന ആംബുലൻസ് ജോലി സമയം കഴിഞ്ഞു എന്നു പറഞ്ഞ് നടുറോഡിൽ നിർത്തിയിട്ട ഇയാൾക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ആംബുലൻസ് ഡ്രൈവർക്കെതിരേ കേസെടുത്ത് ലൈസൻസ് റദ്ദുചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.