എംവിഐപി കനാല്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു; പയറും പച്ചക്കറികളും വെള്ളത്തില്‍
1531318
Sunday, March 9, 2025 6:23 AM IST
പെരുവ: എംവിഐപി കനാല്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു; പൂവായി തുടങ്ങിയ പയറും പച്ചക്കറികളും വെള്ളത്തില്‍ മുങ്ങി. മുളക്കുളം കാക്കത്തുരുത്തിന് പുറകുവശത്തെ കുറ്റിപ്പാടം, മാന്തറത്താഴം തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷി ചെയ്ത വെള്ളരി, മത്തന്‍, തണ്ണിമത്തന്, പാവല്‍ തുടങ്ങിയ പച്ചക്കറികളാണ് വെള്ളത്തില്‍ മുങ്ങിയത്.
കാരിക്കോട് ചെമ്പിലാക്കല്‍ മാര്‍ക്കോസ്, വര്‍ക്കി, മണലോടിയില്‍ സോഫിന് എന്നിവരുടെ പച്ചക്കറികളാണ് വെള്ളം കയറി നാശ ഭീഷിണി നേരിടുന്നത്. എംവിഐപിയുടെ പെരുവ ഉപകനാലിലൂടെ തുറന്നുവിട്ട വെള്ളം വലിയ തോട്ടിലൂടെ ഒഴുകിയാണ് ഇവിടെയെത്തിയത്.
വലിയതോട്ടിലെ മാന്തറ ഭാഗത്ത് പായലും കാടും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് പച്ചക്കറികള്‍ നട്ട പാടത്ത് വെള്ളം കയറാന്‍ ഇടയാക്കിയത്. മണപ്പുഴ പാലത്തിന് സമീപം സ്ഥാപിക്കാമെന്ന് മുമ്പ് പറഞ്ഞിരുന്ന പമ്പ് സെറ്റ് സ്ഥാപിച്ചിരുന്നെങ്കില് വെള്ളം പമ്പ് ചെയ്തു പാടത്തുനിന്നും കളയാമായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.
തോട്ടിലെ പായല്‍ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയില്ലെങ്കില്‍ വേനല്‍മഴയില്‍ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ വരികയും ഇരുന്നൂറോളം ഏക്കര്‍ നെല്പാടത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്നും കര്‍ഷകര്‍ പറയുന്നു.