രാമപുരത്ത് കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
1531127
Sunday, March 9, 2025 2:30 AM IST
രാമപുരം: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 1.05 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പോലീസ് പിടിയിലായി. മുര്‍ഷിദാബാദ് ഗോദാഗരി വില്ലേജ് ചക്ടാതുറുപ്പ് സോഹല്‍ റാണ (30) ആണ് പിടിയിലായത്. പാലാ-തൊടുപുഴ റോഡില്‍ നെല്ലാപ്പാറ വച്ചാണ് ഇയാള്‍ പിടിയിലായത്.
പ്രദേശത്ത് വന്‍തോതില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും കഞ്ചാവ് എത്തിക്കുന്നതായി പോലീസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ദിവസങ്ങളോളമായി ജില്ലാ പോലീസ് മേധാവി കെ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ബംഗാളില്‍നിന്നും കഞ്ചാവുമായി സോഹല്‍ എത്തുന്നതായി വിവരം ലഭിച്ചത്.
രാമപുരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.