നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം
1531320
Sunday, March 9, 2025 6:23 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ -എറണാകുളം റോഡില്‍ കുറുപ്പന്തറ ആറാംമൈലിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അപകടം.
ചങ്ങനാശേരിയില്‍നിന്നും തൃപ്പൂണിത്തുറ ഇരുമ്പനത്തെ ബിപിസിഎല്‍ കമ്പനിയിലേക്ക് ഇന്ധനം ശേഖരിക്കാന്‍ പോയതായിരുന്നു ടാങ്കര്‍ ലോറി.
വളവോട് കൂടിയ ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വലതുവശത്തുള്ള മതിലിലിടിച്ച് റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. സംഭവസമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു.