വൈക്കം സത്യഗ്രഹ സ്മരണകളുടെ ജാലകം തുറന്ന് ഗാന്ധി മ്യൂസിയം
1531317
Sunday, March 9, 2025 6:23 AM IST
വൈക്കം: അധഃസ്ഥിത ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന ഐതിഹാസിക സമരമായ വൈക്കം സത്യഗ്രഹത്തിന്റെ ദീപ്തസ്മരണകൾ വൈക്കം സത്യഗ്രഹ സ്മാരകത്തിലെ മ്യൂസിയത്തിലെത്തിയാൽ തൊട്ടറിയാം.
വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും ജാലകം തുറന്നുതരുന്ന വൈക്കം സത്യഗ്രഹ മ്യൂസിയം മഹാത്മജി ബോട്ടിറങ്ങിയ വൈക്കത്തെ പഴയ ബോട്ടുജെട്ടിയുടെ സമീപത്താണ്.
വൈക്കം സത്യഗ്രഹത്തിലെ സംഭവ ബഹുലമായ അനർഘനിമിഷങ്ങളും ഗാന്ധിജിയുടെ വൈക്കം സന്ദർശനവുമെല്ലാം പഴയകാല രേഖകളിലൂടെയും ചിത്രങ്ങളിലൂടെയും മ്യൂസിയത്തിൽ അനാവരണം ചെയ്യപ്പെടുന്നു.
സത്യഗ്രഹ സ്മാരക മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ അർധകായ പ്രതിമയാണ് സ്മാരകത്തിലെ മുഖ്യാകർഷണം. അധഃസ്ഥിതർക്ക് നിരത്തിൽ പരിധി നിശ്ചയിച്ചിരുന്ന തീണ്ടാപ്പലക സത്യഗ്രഹികൾ എടുത്തെറിയുന്ന ശില്പം, വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു പ്രവേശിക്കാനായി നിൽക്കുന്ന വിശ്വാസികളുടെ ശില്പവുമൊക്കെ നൂറുവർഷം മുമ്പത്തെ സാമൂഹ്യ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്.
സത്യഗ്രഹ സ്മാരകത്തിലെത്തി മ്യൂസിയം സന്ദർശിച്ച് പുറത്തിറങ്ങുന്നൊരാൾ ഉള്ളുപൊള്ളുന്ന അനുഭവങ്ങളുമായാണ് മടങ്ങുന്നത്. നൂറു വർഷങ്ങൾക്ക് മുമ്പ് മൃഗങ്ങളേക്കാൾ അവഗണന സഹിച്ചു ജന്മത്തെ ശപിച്ചു ജീവിച്ച മനുഷ്യരുടെ ജീവിത ദൈന്യത ഒരു യാഥാർഥ്യമായിരുന്നെന്ന് പുതിയ കാലത്തെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും വിശ്വസിക്കാനാവുന്നില്ല.
ഗാന്ധിജി വൈക്കം ബോട്ട് ജെട്ടിയിൽ ഇറങ്ങിയത്, കായൽക്കര പ്രസംഗം, ഇണ്ടംതുരുത്തി മനയിലെ ചർച്ച, ഗാന്ധിജി - ശ്രീനാരായണഗുരു കൂടിക്കാഴ്ച തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ രേഖകൾ ഇവിടെയുണ്ട്. റിസപ്ഷൻ, ഗാലറി, വൈക്കം - സത്യഗ്രഹത്തിനു മുൻപ്, സത്യഗ്രഹത്തിലെ പ്രധാന സംഭവങ്ങൾ, തീണ്ടാപ്പലകയും സമരസേനാനികളും ഇങ്ങനെ നീണ്ടുപോകുന്നു മ്യൂസിയത്തിലെ കാഴ്ചകൾ.
സമരസേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ ഗാലറി, ആർട്ട് ഗാലറി, റിസർച് സെന്റർ, ഉദ്യാനം, മിനി തിയറ്റർ, ഇന്ററാക്ടീവ് സ്ക്രീൻ, ഇന്ററാക്ടീവ് കിയോസ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. നാല് ഹാളുകളിൽ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള പുരാരേഖകൾ, രേഖാചിത്രങ്ങൾ, പകർപ്പുകൾ, ഡോക്യുമെന്ററി പ്രദർശനം, ഗാന്ധി ഗാലറി എന്നിവയാണു മറ്റു സവിശേഷതകൾ.
603 ദിവസം നീണ്ടുനിന്ന ദേശീയശ്രദ്ധ ആകർഷിച്ച വൈക്കം സത്യഗ്രഹം അയിത്തത്തിനെതിരായി രാജ്യത്ത് ആദ്യം നടന്ന പോരാട്ടമായാണ് കണക്കാക്കപ്പെടുന്നത്.