വനിതകൾക്ക് ആദരവൊരുക്കി മേരിക്വീൻസ് ആശുപത്രി
1531134
Sunday, March 9, 2025 2:30 AM IST
കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ വനിതാ മെംബർമാർ, കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർക്ക് അങ്കിത എന്ന പേരിൽ ആദരവൊരുക്കി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി. ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേരിക്വീൻസ് മിഷൻ ആശുപത്രി നൽകുന്ന അങ്കിത പുരസ്കാരം 2025ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ പങ്കെടുത്ത പാറത്തോട് സ്വദേശിനിയായ അക്ഷിത മുരുകന് സമ്മാനിച്ചു.
ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ആശുപത്രി ആർഎംഒയും ശ്വാസകോശരോഗ ചികിത്സാവിഭാഗം കൺസൾട്ടന്റുമായ ഡോ. അനീഷ മാത്യു, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സിഎംഐ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാദിനത്തിന്റെ ഭാഗമായി വനിതകൾക്ക് ചികിത്സാനിരക്കിൽ ഇളവ് നൽകുന്ന അമ്മമനസ് പദ്ധതിയും വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളും നടപ്പിലാക്കിയിരുന്നു.