തങ്കിപ്പള്ളിയിൽ ഇന്ന് മാനവമൈത്രീ ദീപം തെളിയും
1543095
Wednesday, April 16, 2025 11:56 PM IST
ചേര്‍ത്തല: പെസഹാ വ്യാഴാഴ്ചയായ ഇന്ന് തീര്‍ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ മാനവമൈത്രീ ദീപം തെളിയും. എട്ടു പതിറ്റാണ്ടിന് മുമ്പ് തങ്കി പള്ളിയില്‍ കര്‍ത്താവിന്റെ അദ്ഭുത തിരുസ്വരൂപം കൊണ്ടുവന്നപ്പോള്‍ നാട്ടിലെ ജനങ്ങള്‍ നിലവിളക്ക് കത്തിച്ച് രാപകല്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അക്കാലത്ത് സുലഭമായിരുന്ന തേങ്ങ ഉപയോഗിച്ച് ചക്കില്‍ ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത്. ഈ വിളക്കില്‍ നിന്നെടുത്ത എണ്ണ വിശ്വാസികള്‍ മാറാരോഗങ്ങള്‍ക്കു പോലും ഔഷധമായി ഉപയോഗിക്കും. അതിന്റെ ഓര്‍മയ്ക്കായാണ് നാനാജാതി മതസ്ഥര്‍ ചേര്‍ന്ന് ദീപക്കാഴ്ച ഒരുക്കുന്നത്.
ഇന്നു വൈകുന്നേരം ഏഴിന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് അനില്‍കുമാര്‍ അഞ്ചംതറ, ചേര്‍ത്തല മുസ്ലിം ജമാഅത്ത് സെക്രട്ടറി എം.എ. കരീം, കിഴക്കേകൊട്ടാരം ദേവസ്വം പ്രസിഡന്റ് ജയചന്ദ്രന് കമലദളം തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരംനടക്കുന്ന തിരുവത്താഴ ബലിക്ക് വികാരി ഫാ.ജോര്‍ജ് എടേഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോഷി മയ്യാറ്റില്‍ വചനപ്രഘേഷണം നടത്തും. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പ്, ആരാധന. രാത്രി 12ന് അദ്ഭുത തിരുസ്വരൂപം ചുംബനത്തിനായി പള്ളിയങ്കണത്തെ മുല്ലപ്പൂ പന്തലില്‍ കിടത്തും. കൊച്ചി രൂപത അപ്പസ്തോലിക് ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, മുന്‍ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.