വീണ്ടും മാവേലിക്കര നഗരസഭ പിടിച്ചു കോൺഗ്രസ്
1542789
Tuesday, April 15, 2025 11:53 PM IST
മാവേലിക്കര: കടുത്ത രാഷ്ട്രീയ മത്സരങ്ങൾക്ക് ഇടയിൽനിന്നു ചാണക്യ ബുദ്ധിയോടെ കോൺഗ്രസ് വീണ്ടും മാവേലിക്കര നഗരസഭാ ചെയർമാൻ പദവി നിലനിർത്തി. കോൺഗ്രസ്-9, ബിജെപി-9, ജനാധിപത്യ കേരള കോൺഗ്രസ്-1, സിപിഎം സ്വതന്ത്രൻ-1, സിപിഎം-7, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് പിന്തുണയോടെ അധികാരത്തിൽ ഏറിയ സ്വതന്ത്രനായ കെ.വി. ശ്രീകുമാർ കോൺഗ്രസ് നൽകിയ അവിശ്വാസത്തെത്തുടർന്ന് പുറത്തായിരുന്നു.
ഇതിനെത്തുടർന്ന് നടന്ന നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസ് അംഗം ബിനു വർഗീസിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് സ്ഥാനാർഥി നൈനാൻ സി. കുറ്റിശേരിൽ ചെയർമാനായത്. നിലവിൽ ചെയർമാനായിരുന്ന കെ.വി. ശ്രീകുമാർ സിപിഎമ്മിനെ പിന്തുണയ്ക്കുകയും ചെയ്തു.
ചെയർമാൻ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥി ലീലാ അഭിലാഷിന് 9 വോട്ടുകളും ബിജെപി സ്ഥാനാർഥി എച്ച്. മേഘനാഥിന് 9 വോട്ടുകളും ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി നൈനാൻ സി. കുറ്റിശേരിലിന് 10 വോട്ടുകൾ ലഭിക്കുകയായിരുന്നു. നഗരസഭയിലെ ചെയർമാൻ തെരഞ്ഞെടുപ്പിലേക്ക് നൈനാൻ സി. കുറ്റിശേരിലിന്റെ പേര് അനി വർഗീസ് നിർദേശിക്കുകയും ലളിത രവീന്ദ്രനാഥ് പിന്തുണയ്ക്കുകയുമായിരുന്നു. വിപ്പ് ലംഘിച്ചാണ് ബിനു വർഗീസ് കോൺഗ്രസിനെ പിന്തുണച്ചത്. നിലവിൽ വികസനകാര്യ ചെയർമാനായിരുന്ന നൈനാൻ ചെയർമാനായതോടെ ഒഴിവുവരുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമുണ്ടാകാനാണ് സാധ്യത.
നിലവിൽ ഒരു സ്റ്റാഡിംഗ് കമ്മിറ്റിയിലും അംഗമല്ലാതിരുന്ന കെ.വി.ശ്രീകുമാർ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് കോപ്റ്റ് ചെയ്യപ്പെടും. ഇതോടെ വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റിയിൽ കോൺഗ്രസ്- 2, സിപിഎം-2, സ്വതന്ത്രൻ-1 എന്നിങ്ങനെയാകും കക്ഷിനില. സ്വതന്ത്രനായ കെ.വി. ശ്രീകുമാർ എടുക്കുന്ന നിലപാടായിരിക്കും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആരായിരിക്കും എന്ന് തീരുമാനിക്കുക. നിലവിൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒപ്പം നിന്ന കെ.വി. ശ്രീകുമാർ അങ്ങനെ തുടരുകയാണെങ്കിൽ കോൺഗ്രസിന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി നഷ്ടമാകും.
ജനവിരുദ്ധതയ്ക്ക് ഏറ്റ തിരിച്ചടിയാണ്
യുഡിഎഫ് വിജയം: അനി വർഗീസ്
മാവേലിക്കര: കേന്ദ്ര-കേരള സർക്കാരുകളുടെ ജനവിരുദ്ധതയ്ക്ക് ഏറ്റ തിരിച്ചടിയാണ് നഗരസഭയിൽ യുഡിഎഫിനുണ്ടായ വിജയമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് പറഞ്ഞു. മുൻ ചെയർമാൻ കെ.വി.ശ്രീകുമാറിനെ ഉപയോഗിച്ച് നഗരസഭയിൽ വികസന മുരടിപ്പ് സൃഷ്ടിക്കാൻ ശ്രമിച്ച സിപിഎമ്മിന് കരണത്തേറ്റ അടികൂടിയാണ് ഇത്. ചെയർമാൻ തെരഞ്ഞെടുപ്പോടെ ആർക്കൊപ്പമായിരുന്നു കെ.വി. ശ്രീകുമാറെന്ന് മാവേലിക്കര നിവാസികൾക്ക് മനസിലായിട്ടുണ്ട്.
നാലേകാൽ വർഷവും കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിനുവേണ്ടി പണിചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ആശീർവാദവും ഈ കുൽസിത പ്രവർത്തിക്ക് ശ്രീകുമാറിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അവിശ്വാസത്തിൽ വോട്ട് ചെയ്യാതെ ബിജെപി വിട്ടുനിന്നതും. നേരിന്റെ രാഷ്ട്രീയമാണ് കോൺഗ്രസും യുഡിഎഫും പിന്തുടരുന്നതെന്നും ബിജെപിക്കും-സിപിഎമ്മിനുമുള്ള മറുപടി അടുത്ത തെരഞ്ഞെടുപ്പിൽ ജനം നൽകുമെന്നും അനി വർഗീസ് പറഞ്ഞു.
നഗരസഭയിൽ കുതിരക്കച്ചവടം: സിപിഎം
മാവേലിക്കര: നഗരസഭയിൽ അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം കോൺഗ്രസ് നടത്തിയത് നെറികെട്ട കുതിരക്കച്ചവടമാണെന്ന് സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ലീല അഭിലാഷായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി.
എൽഡിഎഫും ജനാധിപത്യ കേരള കോൺഗ്രസും നിയമപരമായി നൽകിയ വിപ്പ് ലംഘിച്ച് നഗരസഭാ കൗൺസിലറായ ജനാധിപത്യ കേരള കോൺഗ്രസിലെ ബിനു വർഗീസ് കോൺഗ്രസ് സ്ഥാനാർഥി നൈനാൻ കുറ്റിശേരിക്ക് വോട്ട് ചെയ്തു.
കോൺഗ്രസ് സ്ഥാനാർഥിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ബിനു വർഗീസ് രാഷ്ട്രീയ നെറികേട് കാട്ടിയത്. എന്ത് നെറികെട്ട നിലയിലുള്ള രാഷ്ട്രീയ പ്രവർത്തനമാണ് മാവേലിക്കരയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നടത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് തെരഞ്ഞെടുപ്പിൽ പ്രകടമായത്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് ബിനു വർഗീസിനെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.