ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
1542779
Tuesday, April 15, 2025 11:53 PM IST
മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ(33)നെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. 2022ൽ ആണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കൾ ഇല്ലാത്ത നേരം വീട്ടിലെത്തുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. മൂന്നുവർഷത്തിനു ശേഷമാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസലിംഗിലാണ് പെൺകുട്ടി മൂന്നുവർഷം മുൻപ് നടന്ന സംഭവം പറഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിക്കുകയും ശിശുക്ഷേമ സമിതി പോലീസിൽ അറിയിക്കുകയും ചെയ്തു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. എസ്ഐ സി.എസ്. അഭിരാം, വനിത എഎസ്ഐ സ്വർണരേഖ, സീനിയർ സിപിഒമാരായ സാജിദ്, അജിത്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.