നാലര നൂറ്റാണ്ടിന്റെ ആചാരമായ അവൽനേർച്ച ഇന്ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ
1543088
Wednesday, April 16, 2025 11:56 PM IST
ചെങ്ങന്നൂർ: നാലര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന അവൽ നേർച്ച പഴയ സുറിയാനി പള്ളിയിൽ ഇന്നു രാവിലെ പത്തിന് നടക്കും. നാലര നൂറ്റാണ്ടുകൾക്കുമുൻപ് മുക്കത്ത് തറവാട്ടിലെ അക്കാമ്മ വല്യമ്മച്ചി തുടങ്ങിയതാണ് ഈ ആചാരം. പെസഹാവ്യാഴാഴ്ച തനിക്ക് കഴിക്കാനായി മടിക്കുത്തിൽ കൊണ്ടുവരുന്ന അവൽ വിശുദ്ധ കുർബാനയ്ക്കു ശേഷം മറ്റുള്ളവരുമായി പങ്കിട്ടാണ് കഴിച്ചിരുന്നത്.
അക്കാമ്മ വല്യമ്മച്ചിയുടെ കാലശേഷം ; 1901ൽ മുക്കത്ത് കുടംബയോഗം രൂപീകരണത്തെത്തു ടർന്ന് പിൻതലമുറക്കാർ നേർച്ചയായി അവൽ വിതരണം നടത്തിവരുന്നു. അവലിനുള്ള തേങ്ങാ തിരുമ്മുന്നത് ഒറ്റത്തടിയിൽ തീർത്ത എട്ടുനാക്കുള്ള ചിരവ ഉപയോഗിച്ചാണ്. ഈ ചിരവ പെസഹായുടെ തലേ ദിവസം മാത്രമാണ് പുറത്തെടുക്കുന്നത്. മുന്നൂറ്റി അൻപതു കിലോ അവൽ, വിശ്വാസികളുടെ വീടുകളിൽനിന്ന് ശേഖരിക്കുന്ന ആയിരത്തി അഞ്ഞൂറ് തേങ്ങ, 350 കിലോ ശർക്കര, മറ്റു സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ചാണ് അവൽ തയാറാക്കുന്നത്. എട്ടു നാക്കുള്ള ചിരവയിൽ തേങ്ങ തിരുമ്മുന്നതിനായി ജാതിമതഭേദമെ ന്യേ ധാരാളംപേർ ഇവിടെ എത്താറുണ്ട്.
ഇന്നലെ വൈകുന്നേരം തുടങ്ങിയ ജോലികൾ ഇന്നു രാവിലെ ആറിന് അവസാനിക്കും. വിശു ദ്ധ കുർബാനയ്ക്കുശേഷം വൈദികൻ ആശീർവദിച്ച അവൽ വിശ്വാസികൾ പ്രത്യേകം കരുതുന്ന മേൽമുണ്ടിലാണ് സ്വീകരിച്ചുവരുന്നത്. മുക്കത്ത് കുടുംബയോഗം പ്രസിഡന്റ് പുന്നൂസ് ജോർജ് മൂത്തേടത്ത്, സെക്രട്ടറി ജോർജ് ജോസ് നമ്പുമഠം, ട്രഷറർ ഈപ്പൻ കെ. ഫിലിപ്പ് കപ്ലാശേരിൽ തുടങ്ങിയവർ നേതൃത്വം നൽകും.