കാലാവസ്ഥാ വ്യതിയാനം; കർഷകർ ആശങ്കയിൽ
1543087
Wednesday, April 16, 2025 11:56 PM IST
ഹരിപ്പാട്: ഭാഗികമായി മഴ ആരംഭിക്കുകയും നദികളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരുകയും ചെയ്തതോടെ നെൽകർഷകർ ആശങ്കയിലായി. വീയപുരം കൃഷിഭവൻ പരിധിയിലെ ചേക്കാമായിക്കേരി ഹരിപ്പാട് കൃഷിഭവൻ പരിധിയിലെ മഞ്ഞപ്പള്ളി പാടശേഖരങ്ങൾ ഉൾപ്പെടെ ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലെ നൂറുകണക്കിന് കർഷകരാണ് ആശങ്കയിൽ കഴിയുന്നത്.
വിളവെടുക്കണമെങ്കിൽ ഉദ്ദേശം ഒരുമാസത്തോളം ഇനിയും പിന്നിടണമെന്നിരിക്കെ അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ ഏതാനും ദിവസങ്ങളായി ഉച്ചയ്ക്കുശേഷം ശക്തമായ മഴയാണ് ലഭിക്കുന്നത്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ നദികളിൽ നേരിയ തോതിലുള്ള ജലനിരപ്പ് ഉയർന്നു തുടങ്ങിയതും ഓരിന്റെ സാന്നിധ്യം അനുഭവപ്പെടാൻ സാധ്യത ഏറിയതുമാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
പാടശേഖരങ്ങളുടെ പുറം ബണ്ടുകളുടെ അപര്യാപ്തത മൂലം ഏറെ വൈകി മാത്രമേ ഈ പാടശേഖരങ്ങളിൽ കൃഷിയിറക്കാൻ കഴിയൂ. ഡിസംബർ അവസാനവാരമോ ജനുവരി ആദ്യ വാരമോ ആണ് ഇവിടെ വിതയിറക്കുന്നത്. ഇതിനകം തന്നെ കർഷകർ ഏക്കറിന് 35,000 രൂപയിലധികം വിനിയോഗിച്ചു കഴിഞ്ഞു. മുടക്കിയ തുകയെങ്കിലും തിരികെ ലഭിക്കുമോ എന്ന ആശങ്കയും കർഷകർ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്.
ഒന്നാം കുട്ടനാട് പാക്കേജിൽ 1840 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചതിൽ കാർഷിക മേഖലയുടെ കെട്ടുറപ്പിനും സംരക്ഷണത്തിനുമാണ് പ്രാമുഖ്യം നൽകിയിരുന്നതെങ്കിലും അപ്പർ കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളിൽ കാർഷിക നവീകരണ പദ്ധതികളുടെ യാതൊരു അലയൊലികളും ഉണ്ടായില്ല എന്നതാണ് പാടശേഖരസമിതികൾ പങ്കുവയ്ക്കുന്നത്.
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ സംരക്ഷിച്ചാൽ രണ്ടു കൃഷി ചെയ്യാൻ പറ്റുന്ന ഏക്കറിൽ 20 മുതൽ 30 ക്വിന്റൽ നെല്ല് വരെ വിളയുന്ന പാടശേഖരങ്ങളാണ് അധികവും.
ഹാർബർ എൻജിനിയറിംഗ് പദ്ധതിയിൽ പെടുത്തിയിട്ടെങ്കിലും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ സംരക്ഷിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ അപ്പർ കുട്ടനാട്ടിലെ ഹെക്ടർ കണക്കിന് വരുന്ന നെൽപ്പാടങ്ങൾ തരിശുനിലങ്ങളായി മാറുമെന്നും കർഷകരും പാടശേഖര സമിതികളും പറയുന്നു.