വേനലിൽ മനം കുളിർപ്പിക്കാൻ താജുദ്ദീന്റെ പൊട്ടുവെള്ളരിയും ജ്യൂസും
1543089
Wednesday, April 16, 2025 11:56 PM IST
പൂച്ചാക്കല്‍: വേനല്‍ച്ചൂടിന് ആശ്വാസം പകരാന്‍ പൊട്ടുവെള്ളരിയും ജ്യൂസുമായി താജുദ്ദീന് ഇത്തവണയും വഴിയോരത്തുണ്ട്. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ജുനൈസ് മന്‍സില്‍ താജുദ്ദീനാണ് കഴിഞ്ഞ പത്തുവര്‍ഷമായി ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പുതിയ പാ ലത്തിനു സമീപം പൊള്ളുന്ന ചൂടിൽ മനം കുളിര്‍ക്കാന്‍ പൊട്ടുവെള്ളരിയും ജ്യൂസും വില്പന നടത്തുന്നത്.
കൊടുങ്ങല്ലൂര്‍, മാള എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നാണ് താജുദ്ദീന് പൊട്ടുവെള്ളരി ശേഖരിച്ച് വില്പനയ്ക്ക് എത്തിക്കുന്നത്. കേരളത്തില്‍ ഭൗമ സൂചികാ പദവി ലഭിച്ച കാര്‍ഷിക വിളയാണ് കൊടുങ്ങല്ലൂരിലെ പൊട്ടുവെള്ളരി. നാട്ടിന്‍പുറങ്ങളില്‍ കൂടുതലും കൃഷി ചെയ്യുന്ന വെള്ളരി വര്‍ഗങ്ങള്‍ കറിവയ്ക്കാനും സാലഡ് ആയും പച്ചയ്ക്കും കഴിക്കാനുമൊക്കെയാണ് ഉപയോഗിക്കുന്നതെങ്കില്‍ പൊട്ടുവെള്ളരി ജ്യൂസായിട്ടാണ് ഉപയോഗിക്കുന്നത്. പൊട്ടുവെള്ളരി ജ്യൂസ് കുടിക്കാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.
പാകമായ ഒരുകിലോ പൊട്ടുവെള്ളരി 60 രൂപയാണെങ്കില്‍ ജ്യൂസിന് 30 രൂപയാണ് വില. എന്നാല്‍, വീണ്ടും ജ്യൂസ് ആവശ്യപ്പെട്ടാല്‍ അത് സൗജന്യമായി നല്‍കാനും താജുദീന് മടിയില്ല. പൊട്ടുവെള്ളരി ജൂസിനോടൊപ്പം തണ്ണിമത്തൻ ജ്യൂസും ഇവിടെ ലഭ്യമാണ്. ഭാര്യ സബീനയും താജുദ്ദീന് സഹായത്തിനായി ഒപ്പമുണ്ട്.