കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകളായിട്ടും നെല്ലെടുക്കുന്നില്ല; കർഷകർ പ്രതിസന്ധിയിൽ
1543092
Wednesday, April 16, 2025 11:56 PM IST
ചാരുംമൂട്: കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകൾ ആയിട്ടും നെല്ലെടുത്ത് മാറ്റാത്തതിനെത്തുടർന്ന് ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ കർഷകർ പ്രതിസന്ധിയിൽ. കൊയ്ത്ത് കഴിഞ്ഞ് മൂന്നാഴ്ചയായിട്ടും സപ്ലൈകോ ഇടപെട്ട് നെല്ലെടുത്തുമാറ്റാത്തതാണ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. മില്ലുകാരുമായുള്ള ചർച്ചയിൽ നെല്ലെടുക്കുമ്പോഴുള്ള കിഴിവിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകാത്തതാണ് കാരണം. കൃഷിവകുപ്പും കർഷകരുടെ രക്ഷയ്ക്കെത്തിയിട്ടില്ല. നെല്ല് ചാക്കുകളിലാക്കി കർഷകരുടെ വീടുകളിലും മറ്റും സൂക്ഷിച്ചിരിക്കുകയാണ്. വേനൽമഴ തുടർച്ചയായി പെയ്യുന്നതിനാൽ ഈർപ്പം കാരണം നെല്ലുകിളിർത്ത് കേടാവുമോയെന്ന ആശങ്കയിലാണ് കർഷകർ.
കൃഷിയിറക്കിനുശേഷം ചുരല്ലൂർ പാടശേഖരത്തിലെ നെൽകൃഷിക്ക് വെള്ളം കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഒരുവർഷം മുമ്പ് തകർന്ന കെഐപി കനാൽ നന്നാക്കി വെള്ളം തുറന്നുവിട്ടതോടെയാണ് കൃഷി രക്ഷപ്പെട്ടത്. കൊയ്ത്തുകഴിഞ്ഞ് നല്ല വിളവു ലഭിച്ചിട്ടും നെല്ലെടുക്കാൻ ആളില്ലാതായതോടെ കർഷകർ വീണ്ടും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ചുരല്ലൂർ പാടശേഖരത്തിലെ 80 ഏക്കറിലാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ 60 ഏക്കറിലെ 17 കർഷകരുടെ കൊയ്ത്ത് കഴിഞ്ഞു. 400 ക്വിന്റൽ നെല്ലാണ് കർഷകരുടെ വീടുകളിൽ, കൊടുക്കാനായി ചാക്കുകളിലാക്കി അട്ടിയിട്ടുവച്ചിരിക്കുന്നത്. മണിരത്ന നെൽവിത്താണ് കൃഷിയിറക്കിയിരുന്നത്. കുട്ടനാട് മങ്കൊമ്പിലെ പാഡി ഓഫീസിന്റെ നിർദേശപ്രകാരം മൂന്നു മില്ലുകാർ വന്ന് യന്ത്രമുപയോഗിച്ച് നെല്ലു പരിശോധിച്ച് സാംപിളെടുത്തിരുന്നു.
മെച്ചപ്പെട്ട ഉണങ്ങിയ നെല്ലാണെന്ന് അവർ കർഷകരോടു പറഞ്ഞിരുന്നു. ഉടൻ എത്താമെന്ന് പറഞ്ഞ് പോയെങ്കിലും ചുരല്ലൂർ പാടശേഖരത്തിലെ നെല്ലെടുക്കുന്നത് ഒഴിവാക്കിയെന്നാണ് പിന്നീട് അവർ അറിയിച്ചത്. കർഷകർ മില്ലുടമകളുമായി പലപ്രാവശ്യം ബന്ധപ്പെട്ടപ്പോൾ നെല്ല് എടുക്കണമെങ്കിൽ ഒരു ക്വിന്റൽ നെല്ലിന് നാലു കിലോ നെല്ല് കിഴിവ് തരണമെന്ന് ആവശ്യപ്പെട്ടു.
കുട്ടനാടിനെ അപേക്ഷിച്ച് മാവേലിക്കരയിലെയും ചുനക്കരയിലെയും നെല്ലിന് അരി കൂടുതൽ കിട്ടുന്നതുകൊണ്ട് മുൻവർഷങ്ങളിൽ കിഴിവ് ചോദിച്ചിരുന്നില്ലെന്ന് കർഷകർ പറയുന്നു.