പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ നെല്ലെടുക്കാൻ ആളില്ല
1543094
Wednesday, April 16, 2025 11:56 PM IST
അമ്പലപ്പുഴ: കൊയ്ത്തു കഴിഞ്ഞു ദിവസങ്ങളായിട്ടും നെല്ലെടുക്കാന്‍ ആളില്ല. മഴയെ പേടിച്ച് കര്‍ഷകര്‍ ആശങ്കയിലാണ്. 20 ലക്ഷത്തില്‍പ്പരം രൂപയുടെ നെല്ലാണ് കെട്ടിക്കിടക്കുന്നത്. പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ കര്‍ഷകരാണ് നെഞ്ചില്‍ കനലുമായി ആശങ്കയോടെ നില്‍ക്കുന്നത്. 480 ഏക്കറുള്ള ഈ പാടശേഖരത്ത് 235 കര്‍ഷകരാണുള്ളത്. ഏതാനും ദിവസം മുന്‍പ് ഇവിടെ കൊയ്ത്ത് പൂര്‍ത്തിയാക്കി. ഒരേക്കര്‍ കൊയ്യുന്നതിന് 2100 രൂപ നിരക്കില്‍ യന്ത്രമുപയോഗിച്ചാണ് കൊയ്ത്ത് പൂര്‍ത്തിയാക്കിയത്.
കൊയ്ത നെല്ലെല്ലാം പാടശേഖരത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ഈ പാടശേഖരത്തെ നെല്ലെടുക്കാന്‍ സിവില്‍ സപ്ലൈസ് മൂന്നു മില്ലുകളെയാണ് ചുമതലപ്പെടുത്തിയത്. ഇതില്‍ ഒരു മില്ല് തുടക്കത്തില്‍ത്തന്നെ സംഭരണത്തില്‍നിന്ന് പിന്മാറായിരുന്നു. മറ്റ് രണ്ടു മില്ലുകാരില് ഒരു മില്ലിന്റെ ഏജന്റ് ഇവിടെയെത്തി നെല്ല് നോക്കിയ ശേഷം മടങ്ങിപ്പോയി.
എന്നാല്‍, സംഭരണത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 700 ഓളം ക്വിന്റല്‍ നെല്ലാണ് മഴഭീഷണിയില്‍ പാടശേഖരത്ത് വിവിധയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്.
ഉപ്പുവെള്ള ആശങ്കയ്ക്കിടെയാണ് കര്‍ഷകര്‍ മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കൃഷി പൂര്‍ത്തിയാക്കിയത്. ഒട്ടും ഈര്‍പ്പമില്ലാത്ത നെല്ല് മഴയില്‍ നനയിച്ച് ഈര്‍പ്പത്തിന്റെ പേരില്‍ കിഴിവ് കൂടുതല്‍ ആവശ്യപ്പെടാനുള്ള ഏജന്റുമാരുടെ തന്ത്രങ്ങളുടെ ഭാഗമായാണ് സംഭരണം വൈകിക്കുന്നത്.
വേനല്‍ മഴ ഇടയ്ക്കിടെ ശക്തമാകുന്നതിനാല്‍ കൊയ്ത നെല്ലെല്ലാം മഴയില്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഏക്കറിന് നാല്‍പ്പതിനായിരം രൂപയോളം ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി പൂര്‍ത്തിയാക്കിയത്.
മില്ലുടമകളുടെ ഏജന്റുമാരും പാഡി ഓഫീസര്‍മാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഈ പാടശേഖരത്തുള്‍പ്പെടെ എല്ലാ പാട ശേഖരത്തും സംഭരണം വൈകിക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. കൂടുതല്‍ കിഴിവ് കര്‍ഷകര്‍ നല്‍കുന്നതുവരെ വില പേശല്‍ തന്ത്രവുമായാണ് ഏജന്റുമാരെത്തുന്നത്. ഇനി മഴ ശക്തമാകുമ്പോള്‍ നനയുന്ന നെല്ല് കൂടുതല്‍ കിഴിവോടെ വാങ്ങാനാണ് ഏജന്റുമാരുടെ നീക്കം. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ഇതിനായി കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.