മൂല്യവർധനവിലൂടെ കേരകർഷകരുടെ വരുമാനം വർധിപ്പിക്കണം: മന്ത്രി പ്രസാദ്
1542783
Tuesday, April 15, 2025 11:53 PM IST
കാർത്തികപ്പള്ളി: കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി കേരകർഷകരുടെ വരുമാനം വർധിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിവകുപ്പ് കാർത്തികപ്പള്ളി പഞ്ചായത്തിൽ നടപ്പിലാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ, ഉത്പന്നങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം കർഷകന് ലഭിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് പ്രാദേശികമായി വിപണി കണ്ടെത്താനുള്ള ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്പാദനക്ഷമതയും വർധിപ്പിച്ച് കർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് സംസ്ഥാന സർക്കാർ കേരഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.
കാർത്തികപ്പള്ളി കേരഗ്രാമം പദ്ധതി വഴി പഞ്ചായത്തിലെ കേരകർഷകരെ ഒരുമിച്ചണിനിരത്തി പഞ്ചായത്ത് ഭരണസമിതിയുടെയും പഞ്ചായത്തുതല കേര സമിതിയുടെയും നേതൃത്വത്തിൽ വാർഡിലെ കേര സമിതികൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത വളപ്രയോഗം, രോഗകീടനിയന്ത്രണം തുടങ്ങിയ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി കേരഗ്രാമം പദ്ധതിയുടെ ഒന്നാംവർഷം പൂർത്തീകരിച്ചിരുന്നു.
രണ്ടാം വർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേദിയിൽ മികച്ച കർഷകരേയും മുതിർന്ന കർഷകത്തൊഴിലാളികളെയും ആദരിച്ചു. തോട്ടുകടവ് ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ടി.എസ്. താഹ, കാർത്തികപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അമ്പിളി, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എൽ പ്രീത, കൃഷി അസി. ഡയറക്ടർ ബെറ്റി വർഗീസ്, കാർത്തികപ്പള്ളി കേരഗ്രാമം പ്രസിഡന്റ് കെ.എൻ. തമ്പി, സെക്രട്ടറി വടക്കടം സുകുമാരൻ, കൃഷി ഓഫീസർ ഡി. ഷാജി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.