പുന്നപ്രയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽ കയറ്റം
1542780
Tuesday, April 15, 2025 11:53 PM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ ശക്തമായ കടൽ കയറ്റം. വേലിയേറ്റത്തെത്തുടർന്ന് മീറ്ററുകളോളം തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി. പുന്നപ്ര വിയാനി, ചള്ളി, നർബോന, പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി, മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം കടൽത്തീരം കവർന്നു. കഴിഞ്ഞ രണ്ടു ദിവസമായി കടലേറ്റം തുടരുകയാണ്.
പലയിടത്തും കടലോരത്തുനിന്ന കാറ്റാടി ഉൾപ്പെടെയുള്ള മരങ്ങൾ നിലംപൊത്തി. കരയ്ക്കിരുന്ന പൊന്തുകളും ചെറിയ വള്ളങ്ങളും തിരമാലയുടെ ശക്തിയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും മത്സ്യത്തൊഴിലാളികൾ തന്നെ സുരക്ഷിത സ്ഥാനത്തെത്തിച്ചു വാടക്കൽ അറപ്പ പൊഴി ഭാഗത്തും പുന്നപ്ര തെക്ക് ഒന്നാം വാർഡ് നമ്പർ ബോനകുരിശടിക്കു സമീപവുമാണ് കൂടുതൽ മരങ്ങൾ നിലംപൊത്തിയത്.
ഈ ഭാഗങ്ങളിൽ കിലോമീറ്ററുകളോളം കടൽ ഭിത്തിയില്ല. വിയാനി ഭാഗത്ത് തീരദേശ റോഡു വരെ തിളപ്പു കയറ്റമുണ്ടായി. കടൽക്ഷോഭം ഭയന്ന് മത്സ്യബന്ധന യാനങ്ങൾ കടലിൽ ഇറക്കിയില്ല. തോട്ടപ്പള്ളിയിലെ കടൽ കരിമണൽ ഖനനം മൂലം തീര ശോഷണം സംഭവിക്കുന്നതാണ് അപ്രതീക്ഷിത കടൽകയറ്റത്തിനു കാരണമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
പുലിമുട്ടോടുകൂടിയ കടൽഭിത്തി
നിർമിക്കണം
അമ്പലപ്പുഴ: അതിരൂക്ഷമായ കടൽ കയറ്റം നേരിടുന്ന പുന്നപ്ര വിയാനി മുതൽ വാടക്കൽ വരെയുള്ള പ്രദേശങ്ങളിൽ പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കണമെന്നു ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊന്തിലെ മത്സ്യബന്ധനം നിരോധിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്. മനോജ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടെൻസൺ ജോൺകുട്ടി, സോളമൻ അറയ് ക്കൽ, എം.എ. നെൽസൺ, പ്രിറ്റി തോമസ്, ക്ലീറ്റസ് കളത്തിൽ, തോമസ് കണ്ടത്തിൽ, പി.ജെ. വിൽസൺ, ജോൺകുട്ടി പാടാകുളം, സുജ അനിൽ, പി.എം. ജോസി, സി.എസ്. പ്രവീൺ, സോളമൻ പഴമ്പാശേരി, വി.ജെ. ജേക്കബ്, സി. എലിയോൺ തുടങ്ങിയവർ പ്രസംഗിച്ചു.