മികച്ച പഞ്ചായത്തായി പുന്നപ്ര തെക്ക് പഞ്ചായത്ത്
1542785
Tuesday, April 15, 2025 11:53 PM IST
അമ്പലപ്പുഴ: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്ലീൻ കേരള കോൺക്ലേവ് സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പഞ്ചായത്തായി പുന്നപ്ര തെക്ക് പഞ്ചായത്തിനെ തെരഞ്ഞെടുത്തു. 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലസിൽ നടന്ന വിവിധ പരിപാടികളുടെ ഭാഗമായി 14 ജില്ലകളിൽനിന്നു മികച്ച പഞ്ചായത്തുകളായി തെരഞ്ഞെടുത്ത പതിനാല് പഞ്ചായത്തുകളുടെ വീഡിയോ അവതരണവും റിപ്പോർട്ട് അവതരണവും കഴിഞ്ഞ് ജഡ്ജിൻ പാനലിന്റെ ചോദ്യോത്തര സെക്ഷനുശേഷമാണ് സംസ്ഥാനത്തെ മികച്ച മൂന്നു പഞ്ചായത്തുകളെ പ്രഖ്യാപിച്ചത്.
സംസ്ഥാന ഗവർണർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, സെക്രട്ടറി ആർ. സൗമ്യാ റാണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ബിജുമോൻ എന്നിവർ ചേർന്നാണ് ഗവർണറിൽനിന്ന് അവാർഡ് ഏറ്റുവാങ്ങിയത്.
മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കിയ ജനക്ഷേമകരമായ നിരവധി കാമ്പയിനുകൾക്കുള്ള അംഗീകാരമാണിത്. ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ ഇല്ലാത്ത വീടുകളെ സർവേയിലൂടെ കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ 5864 വീടുകൾക്ക് ബയോബിൻ ബയോഗ്യാസ് എന്നിവ നൽകി. അജൈവ മാലിന്യ ശേഖരണത്തിൽ 100% കൈവരിച്ചു. ആധുനിക ക്രിമിറ്റോറിയം നിർമാണം പൂർത്തീകരിച്ചു.
മാർക്കറ്റ് കെട്ടിടവും ടേക്ക് എ ബ്രേക്കും പൂർത്തീകരിച്ചു. ആധുനിക ടോയ്ലറ്റ് ബ്ലോക്കോടുകൂടി ക്ലാസ് മുറി നിർമിച്ചു നൽകി. എല്ലാ അയൽകൂട്ടങ്ങളും ഹരിത അയൽകൂട്ടങ്ങളായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും ഗവൺമെന്റ്, ഗവൺമെന്റ് ഇതര സ്ഥാപനങ്ങളും ഹരിത കാമ്പസുകളായി പ്രഖ്യാപിച്ചു. റസിഡൻസ് അസോസിയേഷനുകൾ വായനശാലകൾ ഇവയെല്ലാം ഈ കാമ്പയിന്റെ ഭാഗമായി ചേർന്നു. ഗ്രാമത്തിലെ 17 റോഡുകൾ ഹരിത മനോഹരമായ പാതയോരങ്ങളാക്കി. റോഡുകൾ കൃത്യമായ ഇടവേളകളിൽ ക്ലീനിംഗ് വിധേയമാക്കി. ഇങ്ങനെ നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിനാണ് അവാർഡിനായി പുന്നപ്ര തെക്ക് പഞ്ചായത്തിനെ തെരഞ്ഞെടുത്തത്.