തങ്കി പള്ളിയിൽ നേർച്ചക്കഞ്ഞി വിതരണത്തിന് മൺചട്ടികളെത്തി
1542777
Tuesday, April 15, 2025 11:53 PM IST
ചേർത്തല: തീർഥാടന കേന്ദ്രമായ തങ്കി പള്ളിയിൽ വിശുദ്ധവാര നാളുകളിൽ നേർച്ചക്കഞ്ഞി വിതരണത്തിന് മൺചട്ടികളെത്തി. ഗതകാല സ്മരണകളുണർത്തിയാണ് എല്ലാവർഷവും ഇവിടെ മൺചട്ടികളിൽ കഞ്ഞി വിളമ്പുന്നത്. വെള്ളിയാഴ്ചകളിലും മറ്റു പ്രധാന ദിവസങ്ങളിലും പള്ളിയില്‍ നേർച്ചക്കഞ്ഞി വിതരണം ഉണ്ടെങ്കിലും വിശുദ്ധവാര നാളുകളിൽ മാത്രമാണ് മണ്‍ചട്ടികളിൽ വിതരണം നടത്തുന്നത്.
മറ്റു ദിവസങ്ങളിൽ സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. 1936ൽ വീട്ടമ്മമാർ പിടിയരികൂട്ടി ലഭിച്ച പണം ഉപയോഗിച്ചാണ് പള്ളിയിലേക്ക് ക്രിസ്തുവിന്റെ അദ്ഭുത തിരുസ്വരൂപം വാങ്ങിയത്. തുടർന്ന് പ്രാർഥനയിലും ഉപവാസത്തിലും വിശ്വാസികൾ രാപകൽ കഴിഞ്ഞപ്പോൾ ചില ഉദാരമതികൾ പള്ളിമുറ്റത്ത് കഞ്ഞിവച്ച് വിതരണം ചെയ്തു.
ഇതുകഴിച്ച പലർക്കും രോഗസൗഖ്യം ലഭിച്ചെന്നാണ് വിശ്വാസം. അക്കാലത്ത് മൺചട്ടികളായിരുന്നു പ്രധാനം. ഇതിന്റെ സ്മരണയിൽ ഇന്നും മൺചട്ടികളിൽ കഞ്ഞി വിതരണം ചെയ്യുന്നു. ആലുവയിലെ കളിമൺപാടത്ത് തങ്കി പള്ളിയിലേക്കായി ഇത്തവണ 5000 ചട്ടികളാണ് നിർമിച്ച് എത്തിച്ചത്. കളിമണ്ണിന്റെ ദൗർലഭ്യവും കൂലി കൂടുതലും മൂലം സ്റ്റീൽ പാത്രത്തെക്കാൾ വില കൊടുത്ത് ഇവ വാങ്ങുന്നത് സമ്പന്നമായ പൈതൃകം നിലനിർത്താനാണെന്ന് വികാരി ഫാ. ജോർജ് എടേഴത്ത് പറഞ്ഞു.
500 ലധികം ചാക്ക് അരിയാണ് നേർച്ചക്കഞ്ഞിക്കായി എത്തിച്ചിട്ടുള്ളത്. ഒരേസമയം ആയിരത്തിലധികം പേർക്ക് കഞ്ഞി കുടിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവർക്ക് നിമിഷനേരം കൊണ്ട് കഞ്ഞി വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പെസഹാവ്യാഴം രാവിലെ 7.30ന് നേർച്ചക്കഞ്ഞി തയാറാക്കുന്നതിനുള്ള അരിയിടൽ കർമം ദലീമ ജോജോ എംഎൽഎ നിർവഹിക്കും.
നേർച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതലയുള്ള ജോബ് പാലച്ചുവട്ടിലിന്റെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വോളന്റിയർമാർ പ്രവർത്തിക്കുന്നു. മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ പഞ്ചായത്തിന്റെ ഹരിത കർമസേനയും പ്രവർത്തിക്കുന്നുണ്ട്.