വെളിയനാട് ആശുപത്രി കെട്ടിടനിർമാണം അടിയന്തരമായി പൂർത്തീകരിക്കണം
1543091
Wednesday, April 16, 2025 11:56 PM IST
മങ്കൊമ്പ്: വെളിയനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പൊളിച്ചുനീക്കിയ കെട്ടിടത്തിനുപകരം ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം പണി അടിയന്തരമായി ആരംഭിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ചു കേരള കോൺഗ്രസ് വെളിയനാട് മണ്ഡലം കമ്മിറ്റി ആശുപത്രിക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസവും നൂറുകണക്കിനു രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയിൽ ഡോക്ടർമാർക്കു രോഗികളെ പരിശോധിക്കാനോ, കിടത്തി ചികിത്സിക്കാനോ, രോഗികൾക്കു കാത്തിരിക്കാനോ, യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ല. ആശുപത്രിയിൽ ആവശ്യത്തിനുള്ള ജീവനക്കാരുമില്ല. പുറത്തുനിന്നു പണം കൊടുത്തു മരുന്നുവാങ്ങാൻ നിവൃത്തിയില്ലാത്തവർക്കുപോലും അത്യാവശ്യമുള്ള മരുന്നു ലഭ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി ഉന്നതാധികാര സമിതിയംഗം സാബു തോട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീകുമാർ, ചാക്കോച്ചൻ മൈലന്തറ, സനൽ മൂലയിൽ, സണ്ണി കൽക്കിശേരി, അനു ഏബ്രഹാം, ജോയി പുത്തൻതറ, തങ്കച്ചൻ മണ്ണാരുചിറ, ഡായി പത്തിൽ, ജോയി വലിയപറമ്പിൽ, ജയിംസ് സർപ്പത്തിൽ എന്നിവർ പ്രസംഗിച്ചു.