അനധികൃത മണല്‍കടത്ത് തകൃതി കണ്ണടച്ച് അധികൃതര്‍
1530409
Thursday, March 6, 2025 7:13 AM IST
പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍ മേഖലകളില്‍ മണല്‍ ഖനനം വ്യാപകമാകുന്നു. ചേര്‍ത്തല ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നാണ് കൂടുതലും സിലിക്ക മണല്‍ അനധികൃതമായി കടത്തുന്നത്. ഒരോ ദിവസവും ടണ്‍ കണക്കിന് മണലാണ് അധികൃതരുടെ ഒത്താശയോടെ കടത്തുന്നത്. ചേര്‍ത്തല താലൂക്കിലെ പള്ളിപ്പുറം, ഒറ്റപ്പുന്ന, തൈക്കാട്ടുശേരി മേഖലയില്‍നിന്ന് അനധികൃതമായി കടത്തുന്ന സിലിക്കാമണല്‍ ഖനനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും ഇതൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന മട്ടിലാണ് അധികാരികള്‍ നടക്കുന്നത്.
മറ്റ് പ്രദേശങ്ങളിലെ മണ്ണുകളെക്കാളും ഇവിടങ്ങളിലെ മണ്ണിന് ഡിമാന്‍ഡ് കൂടുതലാണ്. മണ്ണിന് പഞ്ചസാരയുടെ നിറമാണ്. സിലിക്ക കൂടുതലുള്ളതിനാലാണ് മണ്ണിന് ഡിമാന്‍ഡ്് കൂടുന്നത്.
വാഹനങ്ങളുടെയും മറ്റും മോള്‍ഡുകള്‍ നിര്‍മിക്കാനാണ് കൂടുതലായി മണല്‍ ഉപയോഗിക്കുന്നത്. പള്ളിപ്പുറം മേഖകളില്‍ വര്‍ഷങ്ങങ്ങള്‍ക്കു മുമ്പ് നിറയെ പഞ്ചസാരമണല്‍ കുന്നുകള്‍ കാണാമായിരുന്നു. എന്നാൽ ഇപ്പോള്‍ കുന്നുകള്‍ ഇരുന്ന സ്ഥലത്ത് വലിയ കുഴികള്‍ മാത്രമാണ്.
ടണ്‍ കണക്കിന് മണലാണ് ഇവിടെനിന്നു തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെക്ക് കയറിപ്പോകുന്നത്. ഒരു ടണ്‍ മണലിന് 600 രൂപ റോയല്‍റ്റിയായി സര്‍ക്കാരില്‍ അടയ്ക്കണം. കൂടാതെ ജിഎസ്ടിയും. മണ്ണ് നീക്കം ചെയ്യുന്നതിന് റോയല്‍റ്റി ജിയോളജിവകുപ്പില്‍ അടച്ച് കടത്തു പാസ് വാങ്ങണം.
മണ്ണു കൊണ്ടുപോകുന്ന വാഹനത്തില്‍ മണ്ണ് കയറ്റിയ സമയം, തീയതി, എത്തിച്ചേരുന്ന സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തിയ മിനറല്‍ ട്രാന്‍സിറ്റ് പാസുകള്‍ ഉണ്ടായിരിക്കണം. ഇതുസംബന്ധിച്ച നിബന്ധനകള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
മണല്മാഫിയകള് ഒന്നോ രണ്ടോ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് എടുത്തിട്ട് അതിന്റെ മറവില്‍ പത്തോളം ലോഡുകളാണ് കടത്തുന്നത്. കെട്ടിടനിര്‍മാണത്തിനു വേണ്ടിയാണ് മണല്‍ നീക്കുന്നത് എന്ന പേരിലാണ് പെര്‍മിറ്റിന് അപേക്ഷിക്കുന്നത്. കെട്ടിടനിര്‍മാണത്തിനുവേണ്ടി മണ്ണ് നീക്കം ചെയ്യുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം നല്കുന്ന ഡെവലപ്മെന്റ് പെര്‍മിറ്റും പ്ലാനുമനുസരിച്ച് ഭൂമിയില്‍ വില്ലേജ് ഓഫീസര്‍ അടയാളപ്പെടുത്തി നല്‍കണം.
പ്രസ്തുത സ്ഥലം ജിയോളജിസ്റ്റ് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കണം. ജിയോളജിസ്റ്റ് നല്കുന്ന ഉത്തരവില്‍ അനധികൃത ഖനനം നടത്താന്‍ പാടില്ല എന്നും മുന്നറിയിപ്പ് നല്‍കും. എങ്കിലും അതെല്ലാം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്.
എല്ലാ നിയമങ്ങളും ലംഘിച്ച് മണല്‍ കടത്തിക്കൊണ്ടു പോകുന്നതിനു പിന്നില്‍ താലൂക്കിലെ റവന്യു-പോലീസ് അധികൃതരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണെന്ന് ആക്ഷേപമുണ്ട്.
അനിയന്ത്രിതമായ മണ്ണെടുപ്പും കരമണല്‍ ഖനനവും മൂലം ഉണ്ടാവുന്ന പരിസ്ഥിതി ആഘാതം എത്രത്തോളം വലുതാണെന്ന ആശങ്കയിലാണ് പരിസരവാസികള്‍.