കർഷകർക്കു നെല്ലുവില സമയത്ത് നൽകും: പി.പി. ചിത്തരഞ്ജന്
1530395
Thursday, March 6, 2025 7:12 AM IST
മുഹമ്മ: കര്‍ഷകര്‍ക്ക് നെല്ലിന്റെ വില സമയത്ത് ലഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനം ആയതായി പി.പി. ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു. മറ്റ് ബുദ്ധിമുട്ടുകള്‍ എന്തെല്ലാമുണ്ടായാലും കര്‍ഷകരുടെ പണത്തിനു തടസമുണ്ടാകരുതെന്നാണ് തീരുമാനം.
പെരുന്തുരുത്തുകരി പാടശേഖരത്തില്‍ നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന ഏഴു കോടിയുടെ വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെ കര്‍ഷകര്‍ ഇന്നു നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമാകുമെന്നും എംഎല്‍എ പറഞ്ഞു.
പെരുന്തുരുത്തുകരിയുടെ കൃഷി ഉന്നമനം ലക്ഷ്യമാക്കി ഡ്രോണ്‍ ഉപയോഗിച്ചുള്ള വിതസംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൃഷി ഓഫീസര്‍ റെനി ഫ്രാന്‍സിസ് പറഞ്ഞു. പൊന്നാട് പെരുന്തുരുത്തുകരി പാടശേഖര നെല്ല് ഉത്പാദകസമിതി സെക്രട്ടറി വി.പി. ചിദംബരന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സബീന, പഞ്ചായത്തംഗങ്ങളായ എം.വി. സുനില്‍കുമാര്‍, കെ.എസ്. ഹരിദാസ്, നവാസ് നൈന, കൃഷി അസിസ്റ്റന്റ് സബീറ, പാടശേഖര സമിതി സെക്രട്ടറി സുദേവന്, വൈസ് പ്രസിഡന്റ് നസറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.