നഗരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന രണ്ടുപേര്‍ പിടിയില്‍
1529658
Monday, March 3, 2025 11:51 PM IST
ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ നിരോധിത പുകയില ഉത്പ ന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. ആലപ്പുഴ നഗരത്തിന്റെ തെക്കന്‍ പ്രദേശത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വന്‍തോതില്‍ വില്പന നടത്തിയിരുന്ന മുല്ലാത്ത് വളപ്പ് മുല്ലാത്ത് വാര്‍ഡില്‍ സുനീര്‍, കൊച്ചുമോന് എന്നിവരാണ് പോലീസ് പിടിയിലായത്. മത്സ്യവില്പനയുടെയും ലോട്ടറി കച്ചവടത്തിന്റെയും മറവിലായിരുന്നു ഇരുവരും നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റുവന്നത്.
പുലയന് വഴി മാര്‍ക്കറ്റില്‍ മത്സ്യ വില്പനയ്ക്ക് ശേഷമാണ് സുനീര്‍ മാര്‍ക്കറ്റിന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറി ലോട്ടറി വില്പനയുടെ മറവില്‍ ആവശ്യക്കാര്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്നത്. ബിരിയാണി വില്പനക്കാരനായ കൊച്ചുമോന് തിരുവമ്പാടി ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തുള്ള ആക്രിക്കടയുടെ സമീപം തട്ടുകട നടത്തിയുമായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്നത്.
മുന്‍പും നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് കൊച്ചുമോനെ സൗത്ത് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷമാണ് കുഞ്ഞുമോന് വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്നത്.
ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത റെയ്ഡിലാണ് ഇരുവരും പോലീസ് പിടിയിലായത്. നഗരത്തില്‍ ലഹരി വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളും നടത്തുമെന്ന് ആലപ്പുഴ സൗത്ത് ഐഎസ്എച്ച്ഒ ശ്രീജിത്ത് അറിയിച്ചു. സൗത്ത് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.