എൻബിഎസ് പുസ്തകോത്സവം ഇന്നു മുതൽ
1529940
Wednesday, March 5, 2025 12:04 AM IST
ഹരിപ്പാട്: സാഹിത്യ പ്രവർത്തക സഹകരണസംഘം പുസ്തക പ്രസാധന ചരിത്രത്തിൽ 80 വർഷങ്ങൾ പൂർത്തീകരിക്കുന്ന പശ്ചാത്തലത്തിൽ നാഷണൻ ബുക്ക് സ്റ്റാളിന്റെ ആഭിമുഖ്യത്തിൽ ഇന്നുമുതൽ 15 വരെ പുസ്തകോത്സവംസംഘടിപ്പിക്കും. വൈകിട്ട് 3.30ന് കേരളവർമ മെമ്മോറിയൽ താലൂക്ക് സെൻട്രൽ ലൈബ്രറി അങ്കണത്തിൽ മുൻമന്ത്രി ജി. സുധാകരൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എൻ.എൻ. നമ്പി അധ്യക്ഷനാകും.
ആദ്യ വിൽപ്പന ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.കെ. രാമകൃഷ്ണനും കുട്ടികൾക്കുള്ള പുസ്തക കൂപ്പൺ വിതരണം കേരള ഗ്രാമീണ ബാങ്ക് റീജണൽ മാനേജർ രമ്യ നിർവഹിക്കും. ജി. ബാബുരാജ്, ഇളനെല്ലൂർ തങ്കച്ചൻ, എം. സത്യപാലൻ, ജോൺ തോമസ്, കെ.സോമൻ, വൃന്ദ.എസ്. കുമാർ, എസ്പിസിഎസ് സെക്രട്ടറി എസ്. സന്തോഷ്കുമാർ എന്നിവർ പ്രസംഗിക്കും.
വ്യാഴാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി സഹകാരി സംഗമം, വനിതാദിനാചരണം, കേരള കാളിദാസ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ, സർഗ ചൈതന്യ റൈറ്റേഴ്സ് ഫോറം അവതരിപ്പിക്കുന്ന കവിയരങ്ങ്, ലഹരി വിരുദ്ധ സെമിനാർ, പുസ്തകപ്രകാശനം, കേരള വർമ സെൻട്രൽ ലൈബ്രറിയുടെ വിവിധ പരിപാടികൾ, അക്ഷര ശ്ലോകസദസ് എന്നിവ നടക്കും. സമാപന സമ്മേളനത്തിൽ എൻബിഎസ് മാർക്കറ്റിംഗ് മാനേജർ ജി. ബിപിൻ നന്ദി പറയും. 10 ദിവസങ്ങളായി നടക്കുന്ന പുസ്തകോത്സവത്തിൽ വിവിധവിഷയങ്ങളിൽ സമഗ്രമായ പുസ്തക ശേഖരമുണ്ട്.
നോവൽ, കഥ, കവിത, ലേഖനം, പഠനം, ശാസ്ത്രം, ബാലസാഹിത്യം, വൈജ്ഞാനികം തുടങ്ങി എല്ലാ മേഖലകളേയും പ്രതിനിധീകരിക്കുന്ന പുസ്തകശേഖരം ആകർഷകമായ വിലക്കിഴിവോടെ സ്വന്തമാക്കാനുള്ള സുവർണാവസരം കൂടിയാണിത്.