അപകടത്തിൽപ്പെട്ട ലോറിയിൽ ഉണ്ടായിരുന്നത് അനധികൃത റേഷൻ അരി
1530403
Thursday, March 6, 2025 7:13 AM IST
ചേർത്തല: ദേശീയപാതയിൽ അപകടത്തിൽപ്പെട്ട മിനിലോറിയിൽ ഉണ്ടായിരുന്നത് അനധികൃതമായി കടത്തിക്കൊണ്ടുപോയ റേഷൻ അരിയാണെന്ന് കണ്ടെത്തി. കൊല്ലത്തുനിന്നു പെരുമ്പാവൂരിലേക്ക് അരിയുമായി പോയ മിനിലോറിയാണ് ദേശീയപാതയില്‍ ചേർത്തല പോലീസ് സ്റ്റേഷനു സമീപം ചൊവ്വാഴ്ച പുലർച്ചെ മറിഞ്ഞത്. അപകടത്തില്‍പ്പെട്ട ലോറിയിൽ 174 ചാക്ക് അരി ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സംശയം തോന്നിയ പോലീസാണ് വിവരം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ചത്.
തുടർന്ന് സപ്ലൈ ഓഫീസര്‍ വി. സുരേഷ് നടത്തിയ പരിശോധനയിൽ റേഷനരിയാണെന്ന് തെളിഞ്ഞതോടെ അരി ചാക്കുകൾ സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട മിനിലോറി പൊക്കി മാറ്റിയത്. ലോറി ഓടിച്ചിരുന്ന പെരുമ്പാവൂർ സ്വദേശി സെയ്ഫുള്ള അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.