ജ്വല്ലറി ഉടമയുടെ മരണത്തില്‍ ദുരൂഹത: വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയില്‍; തോളിലും പിന്‍ഭാഗത്തും ക്ഷതം
1530399
Thursday, March 6, 2025 7:12 AM IST
ആലപ്പുഴ: മുഹമ്മയിലെ ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത. രാധാകൃഷ്ണന്റെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളാണ് ദുരൂഹതയ്ക്കു കാരണമായിരിക്കുന്നത്. രാധാകൃഷ്ണന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലാണ്. ഇടത്തെ കാല്‍മുട്ടിനു താഴെ പരിക്കുകളുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്തും തോളുകളിലും ക്ഷതമേറ്റിട്ടുണ്ട്.
ഈ പരിക്കുകള്‍ രാധാകൃഷ്ണന് മരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഉണ്ടായതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിആര്‍ നല്കിയപ്പോള് വാരിയെല്ലുകള്‍ക്കു പരിക്കേറ്റതാകാമെന്ന സംശയവും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഫെബ്രുവരി എട്ടിനാണ് രാധാകൃഷ്ണന് മരിച്ചത്. തൊടുപുഴ സ്വദേശിയായ മോഷ്ടാവ് ശെല്‍വരാജ് പെരിന്തല്‍മണ്ണയില്‍നിന്ന് കവര്‍ന്ന 21 പവന് സ്വര്‍ണം രാധാകൃഷ്ണന്റെ മുഹമ്മയിലുള്ള കടയിലായിരുന്നു വിറ്റത്. ഇത് കണ്ടെത്തുന്നതിനായി പോ ലീസ് ശെല്‍വരാജുമായി ജ്വല്ലറിയില്‍ എത്തി.
പോലീസ് എത്തുമ്പോള്‍ ജ്വല്ലറി അടഞ്ഞുകിടക്കുകയായിരുന്നു. ഇതിനു പിന്നാലെ രാധാകൃഷ്ണനെയും മകനെയും പോലീസ് ജ്വല്ലറിയിലേക്കു വിളിച്ചുവരുത്തി. തെളിവെടുപ്പിനിടെ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന വിഷമെടുത്ത് രാധാകൃഷ്ണന് കുടിക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. ഉടന്‍ പോലീസ് വാഹനത്തില്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നേരത്തെ രാധാകൃഷ്ണന്റെ മകന് പോലീസിനെതിരേ രംഗത്തെത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ രാധാകൃഷ്ണന് മര്‍ദനം ഏറ്റിരുന്നുവെന്നും ഇതിലെ മനോവിഷമം താങ്ങാനാകാതെ ജീവനൊടുക്കിയതാണെന്നും മകന് ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തൃപ്തരാണെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.