ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പോലീസുകാരന്
1530408
Thursday, March 6, 2025 7:13 AM IST
ഹരിപ്പാട്: അതിവേഗതയില്‍ പാഞ്ഞടുത്തുകൊണ്ടിരുന്ന ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ യുവ പോലീസുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. റെയിൽവേ പാളയത്തിൽനിന്ന യുവാവിനെ ഹരിപ്പാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദിന്റെ അലറിവിളിയാണ് രക്ഷപ്പെടുത്തിയത്.
ഒരു യുവാവിനെ കാണാനില്ലെന്നു രാവിലെ സ്റ്റേഷനില്‍നിന്നു നിഷാദിനെ അറിയിച്ചു. യുവാവിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയപ്പോള്‍ റെയില്‍വേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടന്‍ തന്നെ അങ്ങോട്ടേക്കു പോയി. ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോള്‍ ഒരു ട്രെയിന്‍ വരുന്നുണ്ടെന്നും എന്നാല്‍, ഹരിപ്പാട് സ്റ്റേഷന് കഴിഞ്ഞിട്ടില്ലെന്നും ഗേറ്റ് കീപ്പര്‍ പറഞ്ഞു. 200 മീറ്റര്‍ അകലെ ഒരാള്‍ റെയില്‍വേ ട്രാക്കില്‍ നില്ക്കുന്നതുപോലെ തോന്നുന്നതായി അദ്ദേഹം സൂചിപ്പിച്ചു. പെട്ടെന്ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച് സംഭവം അറിയിക്കുകയും ഏതാനും മിനിറ്റുകള്‍ ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിടാന്‍ കഴിയുമോ എന്ന് അന്വേഷിക്കുകയും ചെയ്തു.
എന്നാല്‍, ട്രെയിന്‍ അടുത്ത് എത്താറായെന്നും ഇനി പിടിച്ചിടുക സാധ്യമല്ലെന്നും സ്റ്റേഷന് മാസ്റ്റര്‍ അറിയിച്ചു. പിന്നെ ഒട്ടും ചിന്തിച്ചില്ല. ഗേറ്റ് കീപ്പര്‍ ആൾ നില്ക്കുന്നുണ്ടെന്നു പറഞ്ഞ ഭാഗത്തേക്ക് നിഷാദ് റെയില്‍വേ ട്രാക്കിലൂടെ ഓടി. ആത്മഹത്യക്കൊരുങ്ങി റെയില്‍വേ പാളത്തിനു നടുവില്‍ നില്ക്കുന്ന യുവാവിന്റെ അടുത്ത് എത്താറായപ്പോഴേക്കും ട്രെയിനിന്റെ ചൂളം വിളി അടുത്തിരുന്നു. ടാ ചാടല്ലെടാ പ്ലീസ്.. ചാടല്ലേടാ.. എന്ന് അലറി വിളിച്ചുകൊണ്ടായി നിഷാദിന്റെ പിന്നീടുള്ള ഓട്ടം.
ഈ വിളി കേട്ടമാത്രയില്‍ പാളത്തിനു നടുവില്‍നിന്ന യുവാവ് ട്രാക്കിനുപുറത്തേക്കു ചാടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസ് അതുവഴി കടന്നുപോയി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് അഞ്ചിനു പോലീസിനു ഫോണ്‍ വിളിച്ച ശേഷം ട്രെയിനു മുന്നില്‍ ചാടാന്‍ ഒരുങ്ങിനിന്ന ഹരിപ്പാട് സ്വദേശിനിയായ സ്ത്രീയെ ജീവന് പണയപ്പെടുത്തി നിഷാദ് രക്ഷപ്പെടുത്തിയിരുന്നു. 2023ല്‍ മികച്ച പോലീസ് സേനാംഗത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.