വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം: നിര്‍ദേശങ്ങളുമായി നഗരസഭ
1530400
Thursday, March 6, 2025 7:12 AM IST
ആലപ്പുഴ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭാപരിധിയിലെ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ രീതികൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന ശില്പശാലയും ബയോബിന്‍ വിതരണവും പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
ടെക്നോളജി ആന്‍ഡ് ഗവേര്‍ണന്‍സ് സപ്പോര്‍ട്ട് ഫോറം, ടെക്നോളജി ഇന്‍ഫോര്‍മാറ്റിക്സ് ഡിസൈന്‍ എന്‍ഡീവര്‍ എന്നീ സ്ഥാപനവും ചേര്‍ന്ന് മാലിന്യ സംസ്കരണത്തില്‍ നടത്തിയ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തില്‍, വാണിജ്യ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ രീതികള്‍, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പരിഹാരമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ശില്പശാല ചര്‍ച്ച ചെയ്തു. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യങ്ങളുടെ സ്വഭാവം വിലയിരുത്തുകയും മികച്ച സംസ്കരണരീതികള്‍ നിര്‍ദേശിക്കുകയും അവ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്കരിക്കുകയും അതിനായി നഗരസഭയുടെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു.
ആലപ്പുഴ നഗരസഭ, ടെക്നോളജി ആന്‍ഡ് ഗവേര്‍ണന്‍സ് സപ്പോര്‍ട്ട് ഫോറം, ടെക്നോളജി ഇന്‍ഫോര്‍മാറ്റിക്സ് ഡിസൈന്‍ എന്‍ഡവര്‍, ബ്രെമെന് ഓവര്‍സീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് അസോസിയേഷന് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ കര്‍മസദന്‍ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ശില്പശാലയില് നഗരത്തിലെ വിവിധ വ്യാപാര വ്യവസായ പ്രതിനിധികളും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ സമുചിതമായ മാലിന്യസംസ്കരണ നടപടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ രൂപീകരിക്കുന്നതിന് റിപ്പോര്‍ട്ട് സഹായകരമാകും. ഈ ശ്രമങ്ങള്‍ നഗരത്തിലെ ഖരമാലിന്യ നിയന്ത്രണത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവരുമെന്ന് വ്യാപാര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
മാലിന്യസംസ്കരണത്തെ ക്കുറിച്ചുള്ള നിലവിലെ പ്രശ്നങ്ങളും പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളും ശില്പശാലയില് എസ്.ബി. നൂറ അവതരിപ്പിച്ചു. പഠന റിപ്പോര്‍ട്ട് പി.പി. ചിത്തരഞ്ജന് ടാഗ്സ് ഫോറം മാനേജിംഗ് ഡയറക്ടര്‍ രോഹിത് ജോസഫും നഗരസഭാ ചെയര്പേഴ്സന് കെ.കെ. ജയമ്മയ്ക്ക് ടൈഡ് പ്രതിനിധി അഞ്ജലി വാഗ്ലെ യും കൈമാറി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, എം.ആര്. പ്രേം, എം.ജി. സതീദേവി, കൗണ്‍സിലര്‍മാരായ അഡ്വ. റീഗോ രാജു, ബിന്ദു തോമസ്, മാലിന്യമുക്ത നവകേരളം നോഡല്‍ ഓഫീസര്‍ സി. ജയകുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ കെ.പി. വര്‍ഗീസ്, വ്യാപാര പ്രതിനിധികള്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.