ചാരുംമൂട് ജംഗ്ഷനിൽ ഇനി ട്രാഫിക് നിയമം ലംഘിച്ചാൽ പിടിവീഴും
1529950
Wednesday, March 5, 2025 12:04 AM IST
ചാരുംമൂട്: ട്രാഫിക് സിഗ്നല്‍ പാലിക്കാതെ നിയമം ലംഘിച്ച് വാഹനം ഓടിച്ചാല്‍ ഇനി ചാരുംമൂട് ജംഗ്ഷനില്‍ പിടിവീഴും. മാവേലിക്കര നിയോജകമണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്നലും ആധുനിക കാമറ സംവിധാനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചാരുംമൂട് ജംഗ്ഷനിലെ സിഗ്നല്‍ പോയിന്റില്‍ ആധുനിക ട്രാഫിക് കാമറ സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസങ്ങളിലാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് ചുനക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ട്രാഫിക് സിഗ്നല്‍ നവീകരണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ ഒരു റൊട്ടേറ്റഡ് കാമറയുള്‍പ്പെടെ മൂന്നു കാമറകളാണ് സ്ഥാപിക്കുന്നത്.
ഇതോടൊപ്പം ട്രാഫിക് ബോധവത്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ചാരുംമൂട്-ചെങ്ങന്നൂര്‍ റൂട്ടില്‍ കാമറ കണ്ട്രോള് റൂമും സജ്ജമാകുന്നുണ്ട്. ജംഗ്ഷനിലെ കാമറയിലെ ദൃശ്യങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി കണ്ട്രോള് റൂമില്‍ എത്തിച്ച് 24 മണിക്കൂറും ഡിജിറ്റല്‍ സ്ക്രീനില്‍ കാണാവുന്ന സംവിധാനമാണ് തയാറാക്കുന്നത്. ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും ലഭിക്കും.
മാവേലിക്കര നഗരസഭയിലും സമാനമായ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കായംകുളം -പുനലൂര്‍ റോഡിലെ പ്രധാന ജംഗ്ഷനാണ് ചാരുംമൂട് ജംഗ്ഷന്. നൂറുകണക്കിന് വാഹനങ്ങളാണ് തിരക്കേറിയ ജംഗ്ഷനിലൂടെ ദിനംപ്രതി കടന്നുപോകുന്നത്.
കൂടാതെ കൊല്ലം-തേനി ദേശീയപാതയും ചാരുംമൂട് ജംഗ് ഷന് വഴിയാണ് കടന്നുപോകുന്നത്. തിരക്കേറിയ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ അവഗണിച്ച് നിയമം കാറ്റില്‍പ്പറത്തി വാഹനങ്ങള്‍ കടന്നുപോകുന്നത് വര്‍ധിച്ചിരുന്നു. അപകടമരണങ്ങളും കൂടി.
ഇത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. അതിനെത്തുടര്‍ന്നാണ് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ജംഗ്ഷനെ മാതൃകാ ജംഗ്ഷനാക്കാന് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്
നേരത്തെ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും കാമറകള്‍ സ്ഥാപിച്ചിരുന്നില്ല. സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ കടന്നുപോകുന്നത് വര്‍ധിച്ചതോടെയാണ് ഇവിടെ അടിയന്തിരമായി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
നിയമം ലംഘിച്ച് സിഗ്നല്‍ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ കാമറ സംവിധാനത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.