കരാറുകാരന്റെ അനാസ്ഥ: നിർമാണ പ്രവർത്തനം മുടങ്ങി
1529372
Monday, March 3, 2025 12:00 AM IST
ഹരിപ്പാട്: കരാറുകാരന്റെ അനാസ്ഥകാരണം നിർമാണ പ്രവർത്തനം മുടങ്ങി. അനന്തപുരം-മുണ്ടോലി ക്ഷേത്രം റോഡിന്റെ പ്രവര്‍ത്തനമാണ് മുടങ്ങിയത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി.
ഏകദേശം ഒന്നര വർഷത്തിലധികമായി നിർമാണ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിൽ ഇപ്പോൾ ഒന്നര ഇഞ്ച് മെറ്റൽ നിരത്തിയിട്ട് ആഴ്ചകളായി. മെറ്റലിൽകൂടി പോകുന്ന ഇരുചക്രവാഹനക്കാർ വീണു പരിക്കേൽക്കുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം യുവതിയും കുട്ടിയും അപകടത്തിൽപ്പെട്ട് പരിക്കേറ്റിരുന്നു. ദേശീയപാതയിൽനിന്നു അനന്തപുരം സ്കുൾ, മുണ്ടോലിഎരിക്കാവ്, വലിയകുളങ്ങര ക്ഷേത്രം ഭാഗത്തേക്ക് നിരന്തരം ആൾക്കാർ യാത്ര ചെയ്യുന്ന ഈ റോഡ് കുമാരപുരം പഞ്ചായത്ത് പരിധിയിൽപ്പെടുന്നതാണ്.
മലപ്പുറം സ്വദേശിയായ കരാറുകാരനോട് അധികൃതർ മൃദുസമീപനം സ്വീകരിക്കുന്നതാണ് റോഡുനിർമാണം വൈകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.