വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റിന്റെ പ്രവർത്തനം അവതാളത്തിൽ
1530406
Thursday, March 6, 2025 7:13 AM IST
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ലിഫ്റ്റിന്റെ പ്രവർത്തനം അവതാളത്തിൽ. ആകെ 16 ഓളം ലിഫ്റ്റുണ്ടെങ്കിലും ഏഴ് എണ്ണം മാത്രമേ പ്രവർത്തനമുള്ളു. എന്നാൽ, ഒരെണ്ണത്തിൽ മാത്രമേ പലപ്പോഴും ജീവനക്കാർ കാണാറുള്ളൂവെന്നാണ് പരാതി.
കാലപ്പഴക്കവും തകരാറുമുള്ള ലിഫ്റ്റ് നന്നാക്കാത്തതിനാൽ രോഗികൾ കയറിയാൽ ലക്ഷ്യം തെറ്റിയാണ് കുതിക്കുന്നത്. ഒന്ന് അമർത്തുമ്പോൾ മൂന്നിലും മൂന്ന് അമർത്തുമ്പോൾ ഗ്രൗണ്ടിലുമാണ് എത്തുന്നത്.
ലിഫ്റ്റിന്റെ പോരായ്മ മൂലം പ്രസവ വാർഡ്, ഓപ്പറേഷൻ തിയറ്റർ, അടിയന്തര സ്കാനിംഗ് വേണ്ട രോഗികൾ, വാഹന അപകടത്തിൽപ്പെട്ടെത്തുന്നവർ, സ്ട്രെച്ചറിൽ കൊണ്ടുപോകുന്നവർ അടക്കം ദുരിതം നേരിടുകയാണ്. കൃത്യസമയത്ത് ജോലിയിൽ പ്രവേശിക്കാത്ത ലിഫ്റ്റ് ഓപ്പറേറ്റർമാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇവരുടെ ചാർജുള്ള സാർജന്റ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.