മാർച്ച് മുതല്‍ വൈദ്യുതി ബില്‍ കുറയും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
1530396
Thursday, March 6, 2025 7:12 AM IST
ആലപ്പുഴ: മാർച്ച് മുതല്‍ വൈദ്യുതി ബില്‍ വീണ്ടും കുറയുമെന്നും ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
പുതുതായി നിര്‍മിച്ച കെഎസ്ഇബിയുടെ എസ്എല്‍ പുരം സെക്ഷന്‍ ഓഫീസിന്റെയും സബ് ഡിവിഷന് ഓഫീസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിമാസ ബില്ലിംഗ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറു പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിംഗ് ഉള്ളവര്‍ക്ക് യൂണിറ്റിന് എട്ടുപൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ് എന്ന് മന്ത്രി പറഞ്ഞു.
ഇത്തവണ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് അടുത്തെത്തി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം നേരിടാന്‍ കൃത്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പഞ്ചാബുമായും ഉത്തര്‍പ്രദേശുമായും കൈമാറ്റക്കരാറുകളില് ഏര്‍പ്പെട്ടുകൊണ്ട് ഏകദേശം 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അടുത്തമാസം ഹിമാചല്‍ പ്രദേശില്‍നിന്നും ഏകദേശം 150 മെഗാവാട്ടോളം വൈദ്യുതി കൈമാറ്റക്കരാറിലൂടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. ഏറ്റവും മികച്ച സേവനമാണ് കെഎസ്ഇബി കേരളത്തിന് നല്‍കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഏതു പ്രതികൂല സാഹചര്യത്തിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ സമയബന്ധിതമായി പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനഭായി, പഞ്ചായത്തംഗം അളപ്പന്തറ രവീന്ദ്രന്, ചീഫ് എൻജിനിയര്‍ വി എന്‍. പ്രസാദ്, ഡെപ്യൂട്ടി ചീഫ് എന്ജിനിയമാരായ സ്മിത മാത്യു, ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.