കുടിവെള്ളക്ഷാമം: വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1530398
Thursday, March 6, 2025 7:12 AM IST
കുട്ടനാട്: മുട്ടാറ്റിലും മിത്രക്കരിയിലും ശുദ്ധജല വിതരണം നിരന്തരം മുടങ്ങുന്നതിനെതിരേ കോൺഗ്രസ് പ്രവർത്തകർ എടത്വ ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു. ശുദ്ധജലം വഴിതിരിച്ചുവിട്ട് ഓരോ പ്രദേശത്തേക്ക് എത്തിക്കേണ്ട കരാർ ജീവനക്കാർ ചില പ്രദേശങ്ങളിലേക്കു മാത്രം വാൽവ് തുറക്കുന്നതാണ് കാരണമാകുന്നത്.
പാർട്ടി പ്രവർത്തകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയും പാർട്ടിയുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്. നിരന്തരം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വേനൽക്കാലത്ത് വാഹനങ്ങളിൽ വെള്ളം എത്തിച്ചിരുന്നതാണ്. അതിനു പോലും പഞ്ചായത്ത് അധികൃതർ ഇപ്പോൾ തയാറാകുന്നില്ലെന്നാണ് ആരോപണം.
അടിയന്തരമായി വാട്ടർ അഥോറിറ്റി വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് തുടർ സമരം നടത്തുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബ്ലസ്റ്റൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലിബിമോൾ വർഗീസ്, വിൻസി ഷാബു, ലൗലേഷ് സി. വിജയൻ, ജയിംസ് പീടിയേക്കൽ, അപ്പച്ചൻ നടുവിലേപ്പറമ്പ്, സ്റ്റെഫിൻ തുടങ്ങിയവർ നേതൃത്വം നൽകി.