കരളകം പാടശേഖരത്തില്‍ കൃഷിയിറക്കാൻ രണ്ടുകോടിയുടെ പദ്ധതി: മന്ത്രി പി. പ്രസാദ്
1529659
Monday, March 3, 2025 11:51 PM IST
ആലപ്പുഴ: നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
കേരള നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
70 ഏക്കർ പാടശേഖരത്തില്‍ ജല ആഗമന നിര്‍ഗമന സംവിധാനങ്ങളിലെ അപര്യാപ്തത, ബണ്ടുകളില്‍ ചെളിനിറഞ്ഞ് ഒഴുക്കിനെ തടസപ്പെടുത്തുന്ന സ്ഥിതി, കാര്‍ഷിക യന്ത്രങ്ങള്‍ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യമില്ലായ്മ, പുറംബണ്ടുകളിലെ ബലക്ഷയം തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് യോഗത്തില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ അറിയിച്ചു.
നഗരസഭയിലെ നാലു വാര്‍ഡുകളിലായി നിലകൊള്ളുന്ന കരളകം പാടശേഖരത്തിന്റെ മുന്‍വര്‍ഷങ്ങളില്‍ ഫണ്ട് വകയിരുത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, നാലു വര്‍ഷമായി കൃഷിയിറക്കാന്‍ കഴിയാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമായിമാറിയിരിക്കുകയാണെന്നും നഗരസഭാ അധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു.
കൃഷിവകുപ്പ് എന്‍ജിനിയറിംഗ് വിഭാഗത്തിനോട് (സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയര്‍) 10 ദിവസത്തിനകം പഠനം നടത്തി വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കൃഷിമന്ത്രി നിര്‍ദേശം നല്കി. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജി. സതീദേവി, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി അരവിന്ദ്, കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, കര്‍ഷകപ്രതിനിധി കെ.സി. ജോസഫ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ ടി. ഡി. മീന, അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയര്‍ വി. ബാബു, ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. അമ്പിളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.