വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി
1529947
Wednesday, March 5, 2025 12:04 AM IST
ചേര്‍ത്തല: വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് തയാറാക്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ നഗരത്തിലെ ഗവ. എല്‍പി സ്കൂളിലെ അധ്യാപികക്കെതിരേ വിവിധ തലങ്ങളില്‍ അന്വേഷണം തുടങ്ങി. പൊതുമേഖലാ ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇയിലെ വിവിധ ശാഖകളിലാണ് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ നല്കി വായ്പെയെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കെഎസ്എഫ്ഇ വിജിലന്‍സ് വിഭാഗം വിഷയത്തില്‍ പരിശോധന തുടങ്ങി.
ബന്ധപ്പെട്ട എല്ലാ ശാഖകളിലെയും വായ്പാ വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളുമാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ സ്കൂളിലെ നാല് അധ്യാപകര്‍ ചേര്‍ത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിനു പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തയാറാക്കി നല്കി വായ്പയെടുത്തു വഞ്ചിച്ചെന്നു കാട്ടിയാണ് പരാതി.
30 ലക്ഷത്തോളം ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ട്. ഇതേ സ്കൂളിലെ രക്ഷിതാക്കളുടെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നാലുപേരുടെ പേരില്‍ 35 ലക്ഷത്തോളം വായപയെടുത്തതായാണ് പ്രാഥമിക വിവരം. മറ്റൊരു ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അനുമതിക്കായി ധനകാര്യ സ്ഥാപനത്തില്‍നിന്നും ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.