ചെട്ടികുളങ്ങര ഭരണിനാളിൽ...
1529943
Wednesday, March 5, 2025 12:04 AM IST
കായംകുളം: ആകാശം മുട്ടുന്ന കെട്ടുകാഴ്ചകളും അനുഷ്ഠാന വിശുദ്ധിയോടെയുള്ള കുത്തിയോട്ടങ്ങളുമായി ലോകോത്സവങ്ങളുടെ നെറുകയില്‍ ഇടം നേടിയ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവ കെട്ടുകാഴ്ച വിസ്മയമായി. ആചാര വിശുദ്ധിയോടെ ഇന്നലെ രാവിലെ ഏഴുമുതല്‍ വഴിപാട് ഭവനങ്ങളില്‍നിന്നു കുത്തിയോട്ട ഘോഷയാത്രകള്‍ ഒന്നൊന്നായി ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.
തുടര്‍ന്ന് ക്ഷേത്ര പ്രദര്‍ശന ത്തിനുശേഷം ദേവീ സന്നിധിയില്‍ ചുവട് ചവിട്ടി കുത്തിയോട്ട സമര്‍പ്പണം നടന്നു. നരബലി സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ വഴിപാടാണ് കുത്തിയോട്ടം, അതിനാല്‍ ഭക്തസഹസ്രങ്ങള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. കുംഭഭരണിനാളില്‍ മാത്രം നടത്തുന്ന വഴിപാടാണ് കുത്തിയോട്ടം എന്ന പ്രത്യേകതയുമുണ്ട്.
ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിലായി നിര്‍മിച്ച ദൃശ്യവിസ്മയങ്ങളായ കെട്ടുകാഴ്ചകള്‍ ഒന്നൊന്നായി വൈകുന്നേരം നാലൊടെ ക്ഷേത്രത്തിലെത്തി തുടങ്ങി. കെട്ടുകാഴ്ചകള്‍ ക്ഷേത്രസന്നിധിയില്‍ എത്തി ദേവിയെ വണങ്ങി സമീപത്തെ കാഴ്ചക്കണ്ടത്തില്‍ അണിനിരന്ന വര്‍ണാഭമായ കാഴ്ച ദര്‍ശിക്കാന്‍ ഒരു ദേശമാകെ ഇന്നലെ ചെട്ടികുളങ്ങരയിലേക്കു പ്രവഹിക്കുകയായിരുന്നു .
ആറു കുതിര, അഞ്ചു തേര്, ഭീമന്, ഹനുമാന്, പാഞ്ചാലി എന്നിവയായിരുന്നു കെട്ടുകാഴ്ചകളായി എത്തിയത്. കരവിരുതും അതിലേറെ ഭക്തിയും കലയും ഓണാട്ടുകരയുടെ ഒരുമയും പ്രകടമാക്കുന്നതായിരുന്നു കുംഭഭരണി കെട്ടുകാഴ്ചകള്‍. പുലര്‍ച്ചെ ചെട്ടികുളങ്ങര അമ്മയുടെ എഴുന്നള്ളിപ്പ് നടക്കുന്നതോടെ ഈ വര്‍ഷത്തെ കുംഭ ഭരണി ഉത്സവം സമാപിക്കും.