വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
1530402
Thursday, March 6, 2025 7:12 AM IST
ഹരിപ്പാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ ദ്വാരകയില്‍ കെ. പ്രസാദ്-അജിത ദമ്പതികളുടെ മകനും ഹരിപ്പാട് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിയുമായ ഋഷികേശ് (17) ആണ് ഇന്നലെ വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ചൊവ്വാഴ്ച രാത്രി 12നു ശേഷം പള്ളിപ്പാട് കോളാച്ചിറ പാലത്തിന് വടക്കുവശത്തായിരുന്നു അപകടം. മറ്റം മഹാദേവര്‍ ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനു പോയശേഷം തിരികെ വരുന്ന വഴി ഋഷികേശ് ഓടിച്ചിരുന്ന സ്കൂട്ടര്‍ റോഡില്‍നിന്ന് തെന്നിമാറി സമീപത്തുള്ള മതിലില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഋഷികേശിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. അപകടമുണ്ടായി മണിക്കൂറുകള്‍ക്കുശേഷം പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുന്ന ഋഷികേശിനെ കണ്ടത്. ഉടന്‍തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഋഷികേശിന്റെ തലയോട്ടിയില്‍ വിള്ളലുണ്ടായിരുന്നു. സംസ്കാരം പിന്നീട്. സഹോദരങ്ങള്‍: നിജാര്‍ പ്രസാദ്, നന്ദിത.