അരി ലോറി മറിഞ്ഞു: റേഷനരിയെന്ന് സംശയത്തിൽ കസ്റ്റഡിയിലെടുത്തു
1529939
Wednesday, March 5, 2025 12:04 AM IST
ചേര്‍ത്തല: ദേശീയപാതയില്‍ ചേർത്തല പോലീസ് സ്റ്റേഷനു സമീപം അരി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൊല്ലത്തുനിന്നു പെരുമ്പാവൂരിലേക്ക് അരിയുമായി പോയ മിനിലോറിയാണ് മറിഞ്ഞത്.
ഇന്നലെ പുലർച്ചെയാണ് ദേശീയപാതയില്‍ ചേർത്തല പോലീസ് സ്റ്റേഷനു സമീപം അപകടം ഉണ്ടായത്. മിനിലോറിയില്‍ 150 ഓളം ചാക്ക് അരിയുണ്ടെന്നാണ് കണക്കാക്കുന്നത്. ലോറി ഓടിച്ചിരുന്ന പെരുമ്പാവുർ സ്വദേശി സെയ്ഫുള്ള അപകടത്തിൽ പരുക്കേറ്റൽക്കാതെ രക്ഷപ്പെട്ടു. ചേർത്തല പോലീസ് സ്ഥലത്തെത്തി താലൂക്ക് സപ്ലൈ ഓഫീസറെ വിവരം അറിയിച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയതോടെ റേഷൻ അരിയാണോയെന്ന സംശയത്തിൽ അരിയും ചാക്കും കസ്റ്റഡിയിലെടുക്കുകയാരുന്നു. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതിയുള്ളതാണു ലോറി. വിശദമായ അന്വേഷണം നടത്തി കളക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകുമെന്ന് ചേർത്തല സപ്ലൈ ഓഫിസർ വി. സുരേഷ് പറഞ്ഞു.