നൈറ്റ് സ്ട്രീറ്റൊരുങ്ങി; ആലപ്പുഴയുടെ ബീച്ച് രാവുകള്‍ ഇനി കളറാകും
1529657
Monday, March 3, 2025 11:51 PM IST
ആലപ്പുഴ: ബീച്ചിലെ പകലും രാത്രിയുമെല്ലാം ഇനി കളറാകും. ഫുഡ് കോര്‍ട്ടും ഓപ്പണ്‍ ജിമ്മും ഓപ്പണ്‍ സ്റ്റേജും കളിസ്ഥലവുമെല്ലാമായി നൈറ്റ് സ്ട്രീറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. സീ ലോഞ്ച് എന്ന പേരില്‍ സ്വകാര്യ സംരംഭകന്റെ സഹകരണത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബീച്ച് പാര്‍ക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.
ബീച്ചിന്റെ തെക്കുവശം കാറ്റാടി മരങ്ങള്‍ക്കിടയിലാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ 1.28 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ സംരംഭകനായ മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് യാസിറാണ് പാര്‍ക്ക് യാഥാര്‍ഥ്യമാക്കിയത്. 1.5 കോടിയോളമാണ് മുതല്‍മുടക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ പാര്‍ക്ക് ഈ മാസം അവസാനത്തോടെ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും.
മനോഹരമായ വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ച അന്തരീക്ഷത്തില്‍ കടല്‍ക്കാറ്റേറ്റ് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും കളിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനുമെല്ലാമായി കുടുംബസമേതം ആളുകള്‍ എത്തുന്നുണ്ട്. വൈവിധ്യമാര്‍ന്ന പ്രീമിയം ഫുഡുകള്‍, ഐസ്ക്രീം, സാന്ഡ്വിച്ച്, ജ്യൂസ്, ഷേക്സ്, ചായ, കോഫി, അറബിക് ഭക്ഷണം തുടങ്ങിയവയുടെ 13 ഫുഡ് കോര്‍ട്ടുകള്‍ നിലവില്‍ ലഭ്യമാണ്.
കിഡ്സ് ഏരിയ, ഗെയിമിംഗ് ഏരിയ, ഓപ്പണ്‍ ജിം, 360 ഡിഗ്രി സെല്‍ഫി കാമറ, ബുള്‍ റൈഡ്, വി ആര് പോലുള്ള വിനോദ സൗകര്യങ്ങളും ഉടന്‍ ഒരുങ്ങും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാപകല്‍ വ്യത്യാസമില്ലാതെ ഉല്ലസിക്കാനുള്ള ഇടമായി ഇതിനോടകംതന്നെ പാര്‍ക്ക് മാറിക്കഴിഞ്ഞു. പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഓപ്പണ്‍ സ്റ്റേജില്‍ വിവിധ പരിപാടികള്‍ ആസ്വദിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ആളുകള്‍ക്ക് അവസരം ലഭിക്കും.
മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന ഹട്ടുകളും ഇവിടെയുണ്ട്. ആഭ്യന്തര, വിദേശ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കാന്‍ പോന്ന നിലയിലാണ് ബീച്ച് പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. പ്രവേശനം തികച്ചും സൗജന്യമാണ്. പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ആസ്വദിക്കുന്നതിന് നിശ്ചിത ഫീസ് ഈടാക്കും.
പാര്‍ക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് 14 തൊഴിലാളികളും 18 സിസിടിവി കാമറകളും ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി 50,000 ലിറ്റര്‍ എസ്ടിപി ടാങ്കും ശുചീകരണത്തിന് പ്രത്യേകം തൊഴിലാളികളുമുണ്ട്. മാറുന്ന കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിനോദസഞ്ചാരത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് ആലപ്പുഴ നഗരസഭ.