യുഡിഎഫ് അധികാരത്തിൽ വന്നാൽ മണൽഖനനം അനുവദിക്കില്ല: ചെന്നിത്തല
1529661
Monday, March 3, 2025 11:51 PM IST
ഹരിപ്പാട്: മത്സ്യത്തൊഴിലാളികൾക്കും കേരളത്തിനും നാശകരമാകുന്ന കടൽ മണൽ ഖനനം യുഡിഎഫ് അധികാരത്തിൽ വന്നാൽ അനുവദിക്കില്ലെന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കടൽ മണൽ ഖനനത്തിനെതിരെ ആർഎസ്പി നേതൃത്വത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി നയിക്കുന്ന തീരദേശ ജാഥയുടെ തൃക്കുന്നപ്പുഴയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കടൽമണൽ ഖനനത്തെക്കുറിച്ച് ഒരക്ഷരം പോലും മുഖ്യമന്ത്രി മിണ്ടാത്തത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുടെ ഏതൊരു നീക്കത്തെയും ചെറുത്ത്തോൽപ്പിക്കുക തന്നെ വേണം. തമിഴ്നാട്ടിലെ മധുര ജില്ലയിൽ മേലൂർ നായക്കർ പട്ടിയിൽ ടങ്ങ്സ്റ്റൺ ഖനനം ചെയ്യാൻ വേദാന്ത ഗ്രൂപ്പിന് അനുമതി നൽകിയ കേന്ദ്ര സർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നടത്തിയ പോരാട്ടത്തിന്റെ ഫലമായി ജനങ്ങൾക്കു ബുദ്ധിമുട്ടായ ആ പദ്ധതി കേന്ദ്രസർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
പരിസ്ഥിതി ആഘാത പഠനംപോലും നടത്താതെ കടൽ മണൽ ഖനനപദ്ധതിയുമായി മുന്നോട്ടുപോകുന്ന മോദി സർക്കാർ അദാനി അംബാനി മാരെപോലെയുള്ള വൻകിട കോർപ്പറേറ്റുകൾക്ക് ഒത്താശ ചെയ്തു നൽകുകയാണ് ചെയ്യുന്നതെന്ന് തീരദേശ ദേശ ജാഥക്യാപ്റ്റൻ എൻ. കെ.പ്രേമചന്ദ്രൻ എംപി പ്രസംഗിച്ചു.
അഡ്വ.ബി. രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാ സ്ഥിരഅംഗങ്ങളായ അനിൽ. ബി.കളത്തിൽ, കെ.സിസിലി, അഡ്വ. ജസ്റ്റിൻ ജോൺ എന്നിവരും ജില്ലാ സെക്രട്ടറി ആർ.ഉണ്ണികൃഷ്ണ ൻ, കെ.സണ്ണി കുട്ടി,കെ. തുളസീധരൻ ,ആർ. മോഹനൻ,സി.എച്ച്.സാലി, സോമനാഥൻ നായർ,കെ. ബാബുകുട്ടൻ,രാജലക്ഷ്മി, ഗോവിന്ദൻ നമ്പൂതിരി, സുഷമ ടീച്ചർ,ഷാജൻ കൊട്ടാരത്തിൽ,പി.എൻ. നെടുവേലി,അമ്യതേശ്വരൻ, ജമിനി ഗണേശൻ, മധുസുദനൻ ഉണ്ണിത്താൻ തുടങ്ങിയവരും പ്രസംഗിച്ചു. തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നു തുറന്ന ജീപ്പിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ താളമേളങ്ങളോടെയാണ് ജാഥയെ വരവേറ്റത്.