ആലപ്പുഴ ബീച്ചിനു സമീപം ദേശീയപാത മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം
1529656
Monday, March 3, 2025 11:51 PM IST
ആലപ്പുഴ: വിജയാ പാര്‍ക്കിനു സമീപം ബീച്ചിനോട് ചേര്‍ന്നു നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയുടെ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകൾ തകര്‍ന്നുവീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ കൂറ്റന്‍ ഗര്‍ഡറുകളാണ് ഇന്നലെ രാവിലെ 11 ഓടെ തകര്‍ന്നു വീണത്. തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം, ഷെഡില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്ന സമയമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. പില്ലര്‍ നമ്പര്‍ 17നും 18നും ഇടയിലെ നാലു ഗര്‍ഡറുകള്‍ പൂര്‍ണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ഈ പില്ലറിനു താഴെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുണ്ടായിരുന്നുവെന്ന്് പ്രദേശവാസികള്‍ പറഞ്ഞു.
അപകടത്തില്‍ സമീപത്തുള്ള വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ വിജയ പാര്‍ക്കിന്റെ വടക്കുവശം നിര്‍മാണത്തിലിരുന്ന പുതിയ ബൈപാസ് പാലത്തിന്റെ ഗര്‍ഡറുകളാണ് പൊളിഞ്ഞുവീണത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഇവ സ്ഥാപിച്ചത്.
പോലീസും ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
എപ്പോഴും ആളുകള്‍ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാത കൂടിയാണിത്. ആലപ്പുഴ കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപാസിന് സമാന്തരമായി പുതിയ മേല്‍പ്പാലം നിര്‍മിക്കുന്നത്. സംഭവശേഷം ദേശീയപാത അഥോറിറ്റി പ്രോജക്ട് മാനേജര്‍ സ്ഥലം സന്ദര്‍ശിച്ചു.
കേരളത്തില്‍ ദേശീയപാതയില്‍ എല്ലായിടത്തും ഇതേ രീതിയിലാണ് പാലങ്ങള്‍ പണിയുന്നതെന്നും വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രോജക്ട് മാനേജര്‍ വ്യക്തമാക്കി. ഗർഡറുകൾ തകർന്നുവീണ സ്ഥലം ആല പ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു.
ഗുണനിലവാരം പരിശോധിക്കണം:
കെ.സി. വേണുഗോപാല്‍ എംപി
ആലപ്പുഴ: ബൈപാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഉയരപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന് ഒരു സാങ്കേതിക സംഘത്തെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് അദ്ദേഹം കത്തു നല്കി.
തിരക്കേറിയ സ്ഥലത്താണ് ഇപ്പോള്‍ അപകടമുണ്ടായത്. ആ സമയത്ത് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ പരിസരത്ത് ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. അപകടം പ്രദേശവാസികളെ ഒന്നടങ്കം അസ്വസ്ഥരാക്കുന്നതും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത സംശയനിഴലിലാണ്. നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
സമഗ്ര അന്വേഷണം വേണം
ആലപ്പുഴ: മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പണിപൂര്‍ത്തിയാക്കിയ ഗര്‍ഡറുകള്‍ സുരക്ഷിതമായി സ്ഥാപിച്ചതാണ്.
സുരക്ഷിതമായി സ്ഥാപിക്കപ്പെട്ട ഗര്‍ഡറുകള്‍ ഒരുമിച്ച് നിലംപൊത്തിയത് സംബന്ധിച്ച് തദ്ദേശവാസികളായ ജനങ്ങള്‍ക്ക് ഏറെ സംശയങ്ങള്‍ ഉണ്ട്. ശാസ്ത്രീയമായ പരിശോധനകള്‍ കൂടാതെയാണ് ഈ ഗര്‍ഡറുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ആവശ്യമായ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിക്കാതെയാണോ ഗര്‍ഡറുകള്‍ നിര്മിച്ചിരിക്കുന്നതെന്നുമുള്ള സംശയങ്ങള്‍ ഏറെയാണെന്നും ഷുക്കൂര്‍ പറഞ്ഞു.
ഗര്‍ഡറുകള്‍ ഒരുമിച്ച് നിലംപൊത്തിയ ഭാഗത്തെ ചെറിയ വളവ് സംബന്ധിച്ച സാങ്കേതിക പ്രശ്നവും തകര്‍ച്ചയ്ക്കു കാരണമെന്ന സംശയവും പ്രദേശവാസികള്‍ക്കുണ്ടെന്ന് ഷുക്കൂര്‍ ചൂണ്ടിക്കാട്ടി. അശ്രദ്ധയും പരിശോധനക്കുറവും നിര്മാണത്തിലുണ്ടെന്നു പ്രദേശവാസികള്‍ക്ക് പരാതിയുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു. മേല്‍പ്പാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും ഷുക്കൂര്‍ ആവശ്യപ്പെട്ടു.