പമ്പ്ഹൗസ് പണിമുടക്കി: ചമ്പക്കുളത്ത് കുടിവെള്ളക്ഷാമം
1530397
Thursday, March 6, 2025 7:12 AM IST
മങ്കൊമ്പ്: ഒരിടവേളയ്ക്കുശേഷം വീണ്ടും പുല്പ്പത്ര പമ്പ്ഹൗസ് പണിമുടക്കിയതോടെ ചമ്പക്കുളത്തു കുടിവെള്ളക്ഷാമം രൂക്ഷമായി. പമ്പ്ഹൗസിന്റെ മോട്ടോ ര്‍ തകരാറിലായതാണ് ഇത്തവണ കുടിവെള്ളവിതരണം നിലയ്ക്കാനിടയാക്കിയത്. നെടുമുടി പഞ്ചായത്തിലെ എട്ട്, ഒന്‍പത്, 10, 11 വാര്‍ഡുകളിലെ ജനങ്ങളാണ് ഇതുമൂലം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇവിടെനിന്നുള്ള ജലവിതരണം താറുമാറാണ്.് കാര്യക്ഷമതയുള്ള മോട്ടോറിന്റെ അഭാവമാണ് ഇടയ്ക്കിടെ പമ്പിംഗ് താറുമാറാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ മൂന്നു ദിവസമായി പുലല്പത്ര പമ്പു ഹൗസില്‍നിന്നും വെള്ളം ലഭിക്കുന്ന പ്രദേശത്തെ ആളുകള്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വെള്ളം വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ്.
കടുത്ത വേനലില്‍ ഇടത്തോടുകള്‍ വറ്റിവരണ്ടു. പമ്പാനദിയിലെ വെള്ളത്തിന് ഉപ്പുരസമായതിനാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും വെള്ളം വിലയ്ക്കുവാങ്ങിയേ മതിയാകൂ.
2012ല്‍ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം കനാല്‍ ജെട്ടി പമ്പ് ഹൗസ് ഉപയോഗശൂന്യമായപ്പോള്‍ പുല്‍പത്ര കുടുംബം സൗജന്യമായി നല്കിയ സ്ഥലത്താണ് പമ്പ് ഹൗസ് നിര്‍മിച്ചത്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു പൊതുജന പങ്കാളിത്തത്തോടെ രണ്ടു മാസങ്ങള്‍ കൊണ്ട് പമ്പ് ഹൗസ് പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ ഇവിടുത്തെ മോട്ടോര്‍ പണിമുടക്കുന്നത് മൂന്നും നാലും ദിവസങ്ങളോളം പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കുടിവെള്ളവിതരണം നിലച്ചതോടെ കുടിവെള്ളത്തിനായി സാധാരണക്കാരായ നാട്ടുകാര്‍ വലിയ വിലകൊടുക്കേണ്ടിവരുന്നു.
വേനല്‍ കടുക്കുന്നതോടെ വിലയ്ക്കു വാങ്ങുന്ന ജലലഭ്യത കുറയുകയും നാട്ടുകാര്‍ കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും. വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥയും മെല്ലെപ്പോക്കുമാണ് അടിക്കടിയുണ്ടാകുന്ന പ്രതിസന്ധിക്കു കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.