റേഡിയേഷൻ ചികിത്സ വൈകുന്നുവെന്ന്
1529660
Monday, March 3, 2025 11:51 PM IST
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ചികിത്സ വൈകുന്നു. റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥ സ്വകാര്യ സ്ഥാപനത്തിൽ ജോലിതേടി പോയതോടെ കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ആവശ്യമായി വരുന്ന മുഴുവൻ രോഗികളുടെയും ചികിത്സ പ്ലാൻ ചെയ്യാൻ ഒരു ഉദ്യോഗസ്ഥൻ മാത്രമായി.
നിലവിലുള്ള ഒഴിവിലേക്ക് ഫിസിസ്റ്റിനെ നിയമിക്കുകയോ, കരാർ അടിസ്ഥാനത്തിൽ എടുക്കുകയോ ചെയ്തിട്ടില്ല. കാൻസർ ബാധിത കോശങ്ങളിലേക്ക് കൃത്യമായ അളവിലുള്ള റേഡിയേഷൻ നൂതന സാങ്കേതിക ഉപകരണമായ ലീനിയർ ആക്സിലറേറ്റർ യന്ത്രത്തിലൂടെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരാണ് റേഡിയേഷൻ ഫിസിസ്റ്റുമാർ. കഴിഞ്ഞ രണ്ടു മാസമായി റേഡിയേഷൻ ചികിത്സയ്ക്കുവേണ്ടി രോഗികൾ ഊഴം കാത്തിരിക്കുകയാണ്.
കൃത്യസമയത്ത് ചികിത്സ നടന്നില്ലെങ്കിൽ രോഗം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് സങ്കീർണമാവും. കാൻസർ അതിന്റെ തുടക്കത്തിൽതന്നെ കണ്ടെത്താനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് അധികൃതരുടെ അലംഭാവവും നിയമനത്തിലെ കാലതാമസവും മൂലം കാൻസർ ചികിത്സതന്നെ വൈകുന്നത്.