വീട്ടിൽ ദിവസങ്ങളോളം താമസിച്ച് മോഷണം; നഷ്ടമായത് വിലപിടിപ്പുള്ള വസ്തുക്കൾ
1529365
Monday, March 3, 2025 12:00 AM IST
മുഹമ്മ: ശ്രീനാരായണ ഗുരുവിന്റെ വൈദ്യനായിരുന്ന വലപ്പാട് ഗുരുനാഥൻ വൈദ്യരുടെയും മഹാകവി കുമാരനാശാന്റെയും ശിഷ്യനായിരുന്ന വിദ്വാൻ വൈദ്യരുടെ (കൃഷ്ണൻകുട്ടി വൈദ്യർ ) മുഹമ്മ പുത്തനങ്ങാടിയിലുള്ള തോപ്പിൽ വീട്ടിൽ മോഷണം. പാരമ്പര്യ വൈദ്യകുടുംബമായ തോപ്പിൽ വീട്ടിൽ ആൾത്താമസം ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.
കുടുംബനാഥനായ ബാബുവും ഭാര്യ വിജയകുമാരിയും ബംഗളൂരുള്ള മകന്റെ വീട്ടിൽ പോയ സമയത്താണ് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നത്. വീട്ടിൽ ദിവസങ്ങളോളം താമസിച്ചാണ് മോഷണം നടത്തിയതെന്നു ബാബു പറഞ്ഞു. 150 വർഷത്തിലേറെ പഴക്കമുള്ള ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഒരു ചാക്ക് അരി പുഴുങ്ങാൻ കഴിയുന്ന വലിയ ചെമ്പുകലം , കാൽപ്പെട്ടികൾ, വലിയ നിലവിളക്കുകൾ, ലേഹ്യം ഉണ്ടാക്കുന്ന ഉരുളികൾ, കിണ്ണം, വസ്തിക്കുഴൽ എന്നിങ്ങനെയുള്ള വസ്തുക്കളാണ് കവർന്നത്. വീടിന്റെ ജനൽ കമ്പികൾ മുറിച്ചാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. മോഷണ വസ്തുക്കൾ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ കടത്തുന്നതിനാകാം മോഷ്ടാക്കൾ ദിവസങ്ങളോളം വീട്ടിൽ താമസിച്ചതെന്ന് അനുമാനിക്കുന്നു.
ചാരമംഗലം പറമ്പ് വേലിക്കകത്ത് കുടുംബക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. മുറി കുത്തിത്തുറന്ന് ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, പൂജാവസ്തുക്കൾ എന്നിവയാണ് കവർന്നത്. മോഷണശേഷം മൊബൈൽ ഫോണും വാതിൽ പൊളിക്കാൻ ഉപയോഗിച്ച ഉളിയും മോഷ്ടാക്കൾ മറന്നു വച്ചിരുന്നു. ഇവ പോലീസിന് കൈമാറിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
കായിപ്പുറം തയ്യിൽ കുടുംബക്ഷേത്രത്തിലും മഞ്ഞിപ്പുഴയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ചെമ്പുകലം, ഓട്ടുരുളികൾ, നിലവിളക്കുകൾ എന്നിവയാണ് കവർന്നത്.