പുന്നപ്ര ചള്ളി ഫിഷ്ലാൻഡ് സെന്ററിൽ മത്സ്യലേലം പുനരാരംഭിച്ചു
1530407
Thursday, March 6, 2025 7:13 AM IST
അമ്പലപ്പുഴ: പുന്നപ്ര ചള്ളി ഫിഷ് ലാന്‍ഡ് സെന്ററില്‍ മത്സ്യലേലം പുനരാരംഭിച്ചു. പൊന്തുവലക്കാരുടെ മത്സ്യമാണ് ഇവിടെ കൂടുതലായും ലേലം ചെയ്യുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഫിഷ് ലാന്‍ഡ് സെന്റര്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ജില്ലയുടെ വെളിയില്‍നിന്നുള്ള വള്ളങ്ങള്‍ മത്സ്യവുമായി ഇവിടെയെത്തിയപ്പോള്‍ പ്രദേശവാസികളില്‍ ചിലരുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
തുടര്‍ന്ന് ക്രമസമാധാന വിഷയം കണക്കിലെടുത്താണ് പോലീസ് ചള്ളിയില്‍ വള്ളങ്ങള്‍ അടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയത്. ജില്ലയുടെ തീരത്ത് ഏറ്റവും കൂടുതല്‍ സ്ഥല സൗകര്യമുള്ള ഫിഷ് ലാന്‍ഡ് സെന്ററാണ് ചള്ളിയിലേത്. ഇന്‍സുലേറ്റഡ് ലോറികള്‍ അടക്കം നിരവധി വാഹനങ്ങള്‍ കയറ്റിയിടാനും ഫിഷ് ലാന്‍ഡ് കെട്ടിടത്തില്‍ നൂറുകണക്കിനു കുട്ട മത്സ്യങ്ങളില്‍ ഐസ് ചേര്‍ക്കാനും സൗകര്യമുണ്ട്. പൊന്തുകളുടെ മത്സ്യം ഇവിടെ ലേലം ചെയാന്‍ തുടങ്ങിയതോടെ വീണ്ടും ചെറുകിട വ്യാപാരികളുടെയും കറിക്ക് മത്സ്യം വാങ്ങാന്‍ എത്തുന്നവരുടെയും തിരക്കും വര്‍ധിച്ചു.