ലൈഫ് പദ്ധതിക്ക് ഊന്നൽ നൽകി തുറവൂർ പഞ്ചായത്ത് ബജറ്റ്
1529367
Monday, March 3, 2025 12:00 AM IST
തുറവൂർ: വീടില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നിർമിക്കുന്നതിന് പ്രാധാന്യം നൽകി തുറവൂർ പഞ്ചായത്ത് ബജറ്റ്. കൂടാതെ, കാർഷിക മേഖലയുടെ ഉന്നമനത്തിനായി നെൽകൃഷി, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം, ആരോഗ്യ മേഖലയിൽ അലോപ്പതി, ആയുർവേദം സിദ്ധ, ഹോമിയോ ,ഡയാലിസിസ് യൂണിറ്റിനു വിഹിതവും നീക്കിവച്ചാണ് ബജറ്റ്.
പശ്ചാത്തല മേഖലയിൽ റോഡ് നിർമാണം , മെറ്റലിംഗ് , കാനനിർമാണം, വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തോടുകളുടെ ശുചീകരണം തുടങ്ങിയവയ്ക്കും മുൻതൂക്കം നൽകിയിട്ടുണ്ട്. അലോപ്പതി, ആയുർവേദം, സിദ്ധ, ഹോമിയോ ഡയാലിസിസ് യൂണിറ്റിന് പണം നീക്കിവച്ചിട്ടുണ്ട്. 32.53 കോടി വരവും 32.30 കോടി രൂപ ചെലവും 23 ലക്ഷം മിച്ചബജറ്റാണ് വൈസ് പ്രസിഡന്റ് സി.കെ.ജോർജ് അവതരിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മോളി രാജൻ അധ്യക്ഷയായി. സെക്രട്ടറി ആർ. സുനിൽകുമാർ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സണ്ട ഷൈലജ ഉദയപ്പൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പിലെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.